മഞ്ഞയും ഓറഞ്ചും നിറങ്ങള്‍ ചാലിച്ച പാടശേഖരങ്ങളും പുരയിടങ്ങളും തെങ്ങിൻതോപ്പുകളും. ഒറ്റനോട്ടത്തില്‍ തോവാളയിലാണോ നില്‍ക്കുന്നതെന്ന് തോന്നിപ്പോകും ഇപ്പോള്‍ കിളിമാനൂരിലെ ജണ്ടുമല്ലി (ജമന്തി) തോട്ടങ്ങള്‍ കണ്ടാല്‍.ബ്ലോക്കിനുകീഴിലെ എട്ട് പഞ്ചായത്തുകളിലായി ഹെക്ടർ കണക്കിന് സ്ഥലത്താണ് പൂക്കൃഷി ആരംഭിച്ചത്.തരിശുകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയ പൂക്കൃഷി വൻവിജയമായി. കൃഷിയുടെ ഒന്നാംഘട്ട വിളവെടുപ്പ് ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കൃഷിവകുപ്പ്, തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിത മിഷൻ എന്നിവരുടെ പങ്കാളിത്തത്തോടെ 53 ഏക്കറോളം സ്ഥലത്താണ് കൃഷിയിറക്കിയത്.വിവിധ പഞ്ചായത്തുകളില്‍നിന്നും െതരഞ്ഞെടുത്ത 114 കുടുംബശ്രീ, ജെ.എല്‍.ജി, വനിത കൃഷിക്കൂട്ടങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കിയത്. ബ്ലോക്ക് പരിധിയിലെ കരവാരം പഞ്ചായത്തില്‍ ഒരു ഹെക്ടർ, കിളിമാനൂരില്‍ മൂന്ന് ഹെക്ടർ, മടവൂരില്‍ നാല് ഹെക്ടർ, നഗരൂരില്‍ മൂന്ന് ഹെക്ടർ, നാവായിക്കുളത്ത് 3.5 ഹെക്ടർ, പള്ളിക്കലില്‍ ഒരു ഹെക്ടർ, പഴയകുന്നുമ്മലില്‍ രണ്ട് ഹെക്ടർ, പുളിമാത്ത് നാല് ഹെക്ടർ പ്രദേശങ്ങളിലാണ് പൂക്കൃഷി ചെയ്തത്. പദ്ധതിക്കായി ഓറഞ്ച് നിറത്തിലുള്ള വി.ജെ ബുഷ്, സുപ്രീം ഓറഞ്ച്, അശോക ഓറഞ്ച്, മഞ്ഞ നിറത്തിലുള്ള ഹൈബ്രിഡ് ഇനങ്ങള്‍ ബ്ലോക്കിന്റെ കീഴിലുള്ള അഗ്രോ സർവിസ് സെന്ററില്‍ ഉല്‍പാദിപ്പിച്ച് കൃഷിഭവൻ വഴി കർഷക ഗ്രൂപ്പുകള്‍ക്ക് വിതരണം ചെയ്യുകയായിരുന്നു.ജൂണിലായിരുന്നു നടീല്‍ ഉത്സവം. ഓണത്തിന് മുമ്ബുതന്നെ പകുതി വിളവെടുപ്പിന് തയാറായതിനാല്‍ നല്ല വരുമാനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷക ഗ്രൂപ്പുകള്‍. പ്രാദേശിക പൂക്കച്ചവടക്കാർക്കും ക്ഷേത്രങ്ങളിലെ ആവശ്യങ്ങള്‍ക്കുമാണ് നിലവില്‍ പൂവില്‍പന. ഒരു പൂവിന് ശരാശരി 40 ഗ്രാം വരെ തൂക്കം വരുമെന്നതിനാല്‍ ഒരു കിലോക്ക് 30 മുതല്‍ 40 വരെ പൂക്കള്‍ മതിയാകും.നിലവില്‍ കിലോക്ക് 50 രൂപ മുതല്‍ 60 രൂപ വരെ ലഭിക്കുന്നുണ്ട്. ഓണപ്പരിപാടികള്‍ക്കും വീടുകളില്‍ അത്തപ്പൂക്കളം ഇടുന്നതിനും ആവശ്യമായ പൂക്കള്‍ വിളവെടുപ്പിന് പാകമായിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൃഷിവകുപ്പിന്റെ ആഴ്ചചന്ത, ഓണച്ചന്ത, ഇക്കോഷോപ് എന്നിവ വഴി വിറ്റഴിക്കാനുള്ള തയാറെടുപ്പിലാണ് കർഷകർ. കിളിമാനൂർ സാംസ്‌കാരികനിലയത്തില്‍ നടന്ന ചടങ്ങില്‍ കിളിമാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. മനോജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് ബി.പി. മുരളി ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറി സബീന. എൻ, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഫാത്തിമ പോള്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സബിത എസ്.ആർ, ഹരിതകേരളം മിഷൻ ബ്ലോക്ക് കോഓഡിനേറ്റർ പ്രവീണ്‍ .പി എന്നിവരും പങ്കെടുത്തു.