തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന് തോട്ടം മേഖലയില്‍ ഊർജിത പരിശോധനയുമായി തൊഴില്‍ വകുപ്പ്.
പ്രത്യേക മാർഗ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ലയങ്ങളുടെ ശോച്യാവസ്ഥ തീർക്കല്‍ പദ്ധതി. അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, റോഡ്, ചികിത്സ സംവിധാനം, അംഗൻവാടികള്‍, കളിസ്ഥലം, കമ്യൂണിറ്റി സെന്റർ എന്നിവ മുൻഗണന ക്രമത്തില്‍ സാധ്യമാക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. ലയങ്ങളുടെ സുരക്ഷിതാവസ്ഥയും കുറ്റമറ്റ ശുചീകരണവും ഉറപ്പാക്കുന്നതിന് പ്രാഥമിക പരിഗണന നല്‍കുമെന്ന് പുറത്തിറക്കിയ സർക്കുലറില്‍ ലേബർ കമീഷണർ വ്യക്തമാക്കിയിരുന്നു.
തോട്ടങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തണമെന്നും തൊഴിലാളികളെ നേരില്‍ക്കണ്ട് മിനിമം വേതനം, ലയങ്ങള്‍, അർഹമായ അവധികള്‍ അടക്കമുള്ള മറ്റ് ആനുകൂല്യങ്ങള്‍ തുടങ്ങി നിയമപരമായ എല്ലാ തൊഴില്‍ അവകാശങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് പ്ലാന്റേഷൻ ഇൻസ്പെക്ടർമാർ ഉറപ്പുവരുത്തുമെന്നുമായിരുന്നു സർക്കുലറില്‍.
തൊഴില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന പക്ഷം വിശദാംശങ്ങള്‍ തൊഴിലുടമകളെ വ്യക്തമായി ധരിപ്പിച്ച് അടിയന്തരപ്രശ്ന പരിഹാരം ഉറപ്പാക്കും. തുടർപരിശോധന നടത്താനും പ്രതിമാസ റിപ്പോർട്ട് അഞ്ചിനകം ക്രോഡീകരിച്ച് പ്ലാന്റേഷൻ ചീഫ് ഇൻസ്പെക്ടർ ലേബർ കമീഷണർക്ക് നല്‍കുന്നതിനും നിർദേശമുണ്ട്.
മഴക്കാല ശുചീകരണ ഭാഗമായി ലയങ്ങള്‍ നേരിട്ട് പരിശോധിച്ച് അറ്റകുറ്റപ്പണി ആവശ്യമെങ്കില്‍ മാനേജ്മെന്റ് മുഖേന നടപടി സ്വീകരിക്കുന്ന പ്രാഥമിക പരിശോധനയാണ് പൂർത്തിയായത്. ശുചീകരണ സംവിധാനങ്ങള്‍ കുറ്റമറ്റതാണെന്ന് ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദേശവും നല്കി.
പരിശോധനയില്‍ കണ്ടെത്തുന്ന തൊഴില്‍ നിയമലംഘനങ്ങള്‍, അത് പരിഹരിക്കുന്നതിനുള്ള സമയപരിധി, സ്വീകരിക്കേണ്ട നടപടി, തുടർനോട്ടീസുകളുണ്ടാവുന്ന സാഹചര്യം ഒഴിവാക്കേണ്ടതിന്റെ ആവശ്യകത, രേഖകള്‍ ഹാജരാക്കുന്നതിനുള്ള തീയതി തുടങ്ങിയ എല്ലാ കാര്യങ്ങളും മാനേജ്മെന്റ് പ്രതിനിധികളെ വ്യക്തമായി ധരിപ്പിച്ചും നടപടിയുണ്ടാകുന്നുണ്ടെന്നും ഉറപ്പാക്കിയുമാണ് മുന്നോട്ട് പോകുന്നതെന്ന് അധികൃതർ പറഞ്ഞു. നിയമലംഘനങ്ങള്‍ പരിഹരിക്കുന്നതിന് പരമാവധി അവസരവും സഹായവും തൊഴിലുടമക്ക് അനുവദിക്കുന്നതിനൊപ്പം തൊഴിലാളികള്‍ക്ക് അർഹമായ പരിരക്ഷ ഉറപ്പുവരുത്തേണ്ടതും കണക്കിലെടുത്താണ് തൊഴില്‍വകുപ്പിന്റെ ഇടപെടല്‍.