വളാഞ്ചേരിയില്‍ മുക്കുപണ്ടം പണയംവച്ച്‌ യൂത്ത്‌ ലീഗ്‌ നേതാവും സംഘവും 1.48 കോടി തട്ടി

വളാഞ്ചേരിയിലെ കെഎസ്‌എഫ്‌ഇ ശാഖയില്‍ മുക്കുപണ്ടം പണയംവച്ച്‌ യൂത്ത്‌ ലീഗ്‌ നേതാവും സംഘവും 1.48 കോടി തട്ടി.

221 പവൻ മുക്കുപണ്ടമാണ്‌ പണയം വച്ചത്‌. സംഭവത്തില്‍ കെഎസ്‌എഫ്‌ഇ ജീവനക്കാരനടക്കം അഞ്ചുപേർക്കെതിരെ വളാഞ്ചേരി പൊലീസ് കേസെടുത്തു.

യൂത്ത് ലീഗ് പട്ടാമ്ബി മണ്ഡലം മുൻ ട്രഷറർ തിരുവേഗപ്പുറം വിളത്തൂർ കാവുംപുറത്ത് വീട്ടില്‍ മുഹമ്മദ് ഷെരീഫ് (50), ലീഗിന്റെ സജീവ പ്രവർത്തകരായ പടപ്പേതൊടി വീട്ടില്‍ അബ്ദുള്‍ നിഷാദ് (50), കോരക്കോട്ടില്‍ വീട്ടില്‍ മുഹമ്മദ് അഷ്റഫ് (ബാവ– 50), പനങ്ങാട്ടുതൊടി വീട്ടില്‍ റഷീദലി (50), സ്ഥാപനത്തിലെ ഗോള്‍ഡ് അപ്രൈസർ മലപ്പുറം കൊളത്തൂർ സ്വദേശി അമ്ബലപ്പടി ശ്രീരാഗത്തില്‍ രാജൻ (65) എന്നിവർക്കെതിരെയാണ്‌ കേസ്‌.

അപ്രൈസർ രാജന്റെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നതെന്ന്‌ പൊലീസ് പറയുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് ശാഖാ മാനേജർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പത്ത് തവണകളായാണ് മുക്കുപണ്ടം പണയംവച്ചത്. ചിട്ടിക്ക് ജാമ്യമായി നല്‍കിയ പണ്ടവും ഇതിലുണ്ട്. കഴിഞ്ഞ നവംബർമുതല്‍ ഈ വർഷം ജനുവരിവരെ മൂന്ന് മാസങ്ങളിലായാണ് തട്ടിപ്പ് നടന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *