കഴക്കൂട്ടത്തുനിന്ന് കാണാതായ അസം സ്വദേശിയായ 13 വയസ്സുകാരിക്കായി വ്യാപക തിരച്ചില്‍. പെണ്‍കുട്ടിയെ കാണാതായിട്ട് 21 മണിക്കൂർ പിന്നിട്ടു.
അതേസമയം തസ്മിത്ത് തംസം കന്യാകുമാരിയിലെത്തിയെന്ന് സ്ഥിരീകരിച്ച് പൊലീസ്.
രാവിലെ കുട്ടിയെ ഓട്ടോഡ്രൈവർമാർ കണ്ടുവെന്ന് പൊലീസ് അറിയിച്ചു. കന്യാകുമാരിയിലെത്തിയ പൊലീസിന്റെ ആദ്യസംഘം നിർത്തിയിട്ട ട്രെയിനുകളിലടക്കം പരിശോധന നടത്തുകയാണ്. രണ്ട് സംഘമായി തിരിഞ്ഞാണ് കേരളം പൊലീസിന്റെ പരിശോധന.
ബെംഗളൂരു – കന്യാകുമാരി ട്രെയിനില്‍ പെണ്‍കുട്ടി യാത്ര ചെയ്തതായി വിവരം ലഭിച്ചതോടെയാണ് അന്വേഷണം കന്യാകുമാരിയിലേക്ക് വ്യാപിപ്പിച്ചത്. യാത്രക്കാരിയായ ബവിത എടുത്ത ഫോട്ടോയാണ് കേസില്‍ വഴിത്തിരിവായത്. നെയ്യാറ്റിൻകരയില്‍ വെച്ചാണ് കുട്ടിയുടെ ചിത്രം യാത്രക്കാരി എടുത്തത്. ഒരു വനിത എസ്ഐ ഉള്‍പ്പെടെയുള്ള സംഘമാണ് കന്യാകുമാരിയിലേക്ക് പുറപ്പെട്ടത്. ട്രെയിനിലിരുന്ന കുട്ടി യാത്ര ചെയ്യുന്ന ഫോട്ടോ കുട്ടിയുടെ പിതാവ് തിരിച്ചറിഞ്ഞിരുന്നു.
തിരുവനന്തപുരത്തു നിന്ന് കുട്ടി ട്രെയിൻ കയറിയെന്നാണ് സഹയാത്രിക പൊലീസിനെ അറിയിച്ചത്. ട്രെയിനില്‍ ഇരുന്ന് കുട്ടി കരയുന്നതു കണ്ട യാത്രക്കാരി കുട്ടിയുടെ ഫോട്ടോ എടുത്തു. ഈ ഫോട്ടോയാണ് പൊലീസിന് ലഭിച്ചത്. കുട്ടിയുടെ കൈയില്‍ 40 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫോട്ടോ എടുത്ത ബബിത എന്ന യാത്രക്കാരി പൊലീസിനെ അറിയിച്ചു. കുട്ടി 50 രൂപയുമായാണ് വീട്ടില്‍ നിന്ന് പോയതെന്ന് മാതാപിതാക്കളും പൊലീസിനോട് പറഞ്ഞിരുന്നു.
ഇന്നലെ രാവിലെ പത്തരയോടെയാണ് കഴക്കൂട്ടത്തെ വീട്ടില്‍നിന്ന് പെണ്‍കുട്ടിയെ കാണാതായത്. സഹോദരങ്ങളുമായി വഴക്കുണ്ടാക്കിയതിന് അമ്മ വഴക്കു പറഞ്ഞതിനാലാണ് പെണ്‍കുട്ടി വീടുവിട്ട് ഇറങ്ങിയത്. ബാഗും വസ്ത്രങ്ങളും സഹിതമാണ് കുട്ടി പോയിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു.
കന്യാകുമാരി റെയില്‍വേ സ്റ്റേഷനിലെ ആറു പ്ലാറ്റ്ഫോമുകളും ട്രെയിനുകളും സ്റ്റേഷൻ പരിസരവും പരിശോധിച്ചതായി റെയില്‍വേ സംരക്ഷണ സേന. രാവിലെ 5.30ന് സ്റ്റേഷന്റെ പുറത്ത് കുട്ടി നില്‍ക്കുന്നത് കണ്ടതായി വിവരം ലഭിച്ചു.