‘ഗോട്ടി’ല്‍ രാഷ്ട്രീയ പരാമര്‍ശങ്ങളില്ല; ഡീ-ഏജിങ് വിമര്‍ശനങ്ങള്‍ അംഗീകരിക്കുന്നു: വെങ്കട്ട് പ്രഭു

‘ഗോട്ടി’ല്‍ ബോധപൂർവമായ ഒരു രാഷ്ട്രീയ പരാമർശങ്ങളുമില്ലെന്ന് സംവിധായകൻ വെങ്കട്ട് പ്രഭു. ‘ഗോട്ട്’ ഒരു വാണിജ്യ സിനിമയാണ്, രാഷ്ട്രീയ സിനിമയല്ല.

ട്രെയിലറിലെ ചില സംഭാഷണങ്ങള്‍ വിജയ്‍യുടെ രാഷ്ട്രീയ ജീവിതത്തെ സൂചിപ്പിക്കുന്നുണ്ടാവാം. പക്ഷേ, അവയെല്ലാം സിനിമയുടെ ആഖ്യാനവുമായി യോജിക്കുന്നവ മാത്രമാണ്, അത് സിനിമ കാണുമ്ബോള്‍ നിങ്ങള്‍ക്ക് മനസിലാകുമെന്നും വെങ്കട്ട് പ്രഭു ദ ഇന്ത്യൻ എക്സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചിത്രത്തിന്റെ തമിഴ് ട്രെയ്ലറില്‍ ഉപയോഗിച്ചിരിക്കുന്ന ‘മരുധമലൈ മാമണിയേ’ എന്ന ഗാനത്തിന് എതിരെയും വിജയയ്‍യുടെ ഡീ-ഏജിങ് കഥാപാത്രത്തിനെതിരെയും ഉയർന്നുവരുന്ന വിമർശനങ്ങള്‍ക്ക് സംവിധായകൻ മറുപടി നല്‍കുന്നത് ഇങ്ങനെ;

’ഗോട്ടിന്റെ തമിഴ് ട്രെയ്ലറില്‍ ‘മരുധമലൈ മാമണിയേ’ എന്ന ഗാനം വിജയ് പാടുന്നത് ഒരു രാഷ്ട്രീയ നിലപാടുകളുടേയും ഭാഗമായല്ല. അങ്ങനെ തോന്നിയെങ്കില്‍ വെറും തെറ്റിദ്ധാരണയാണ്. അത് വെറുമൊരു ഗില്ലി റഫറൻസാണ്. എല്ലാവരും ഗില്ലി കണ്ടിട്ടുണ്ടാകുമെന്ന് കരുതുന്നു. മുരുകനെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിച്ചതിനെക്കുറിച്ച്‌ എന്തുകൊണ്ട് ഗില്ലിയുടെ നിർമാതാക്കളോട് നിങ്ങള്‍ക്ക് ചോദിച്ചുകൂടാ? ഇത് പൊളിറ്റിക്കലല്ല, ‘ഗില്ലി-ടിക്കല്‍’ ആണ്.

തമിഴർക്ക് ഗില്ലിയെ അറിയാവുന്നതുപോലെ തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ കാണുന്ന പ്രേക്ഷകർക്ക് അറിയണമെന്നില്ല. അതുകൊണ്ടാണ് തെലുങ്ക്, ഹിന്ദി ട്രെയിലറുകളില്‍ ‘മരുധമലൈ മാമണിയേ’ എന്ന ഗാനം ഉപയോഗിക്കാതെ വിജയ് മിഷൻ ഇംപോസിബിള്‍ തീം മൂളുന്ന ഭാഗം പകരമായി ഉപയോഗിച്ചിരിക്കുന്നത്. അപ്പോള്‍ എന്തുകൊണ്ട് അതേ മിഷൻ ഇംപോസിബിള്‍ തീം തമിഴിലും ഉപയോഗിച്ചില്ല, തമിഴിലും മിഷൻ ഇമ്ബോസിബിള്‍ ഫെയ്മസ് ആണല്ലോ എന്ന ചോദ്യം വരാം. പക്ഷേ തമിഴർക്ക് അതിനേക്കാള്‍ വലുതല്ലെ ഗില്ലി?’

‘ഗോട്ട് ഒരു വാണിജ്യ സിനിമയാണ്, രാഷ്ട്രീയ സിനിമയല്ല. ട്രെയ്‍ലറിലെ ചില ഡയലോഗുകള്‍ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതത്തെ സൂചിപ്പിക്കുന്നുണ്ടാവാം. പക്ഷേ, ഇവയെല്ലാം സിനിമയുടെ ആഖ്യാനവുമായി യോജിക്കുന്നവ മാത്രമാണ്, അത് സിനിമ കാണുമ്ബോള്‍ നിങ്ങള്‍ക്ക് മനസിലാകും. GOAT-ല്‍ ബോധപൂർവമായ ഒരു രാഷ്ട്രീയ പരാമർശങ്ങളുമില്ല. വിജയ് സാർ സിനിമയെ സിനിമയായി മാത്രമാണ് കാണുന്നത്. അതില്‍ രാഷ്ട്രീയം കലർത്തില്ല.’

‘ഡീ-ഏജിങ്ങിനെ ഡീഗ്രേഡ് ചെയ്യുന്ന ട്രോളുകള്‍ ശ്രദ്ധയില്‍പെട്ടു. വിമർശനങ്ങള്‍ അംഗീകരിക്കുന്നു. ആദ്യം 22-23 വയസ്സുള്ള വേഷം പ്ലാൻ ചെയ്തപ്പോള്‍ വിജയ് സാർ പറഞ്ഞിരുന്നു, പ്രായം കുറവായി തോന്നണം, ഏറെ ശ്രദ്ധിക്കണമെന്ന്. പക്ഷേ രൂപത്തിലോ ശാരീരിക മാറ്റങ്ങളിലോ അധികം പരീക്ഷണങ്ങള്‍ക്ക് ഞങ്ങള്‍ തയ്യാറായിരുന്നില്ല. വാസ്തവത്തില്‍, ഈ കഥാപാത്രത്തെ നിർമിക്കാനെടുത്ത സമയമാണ് ട്രെയ്‍ലർ റിലീസ് വൈകിപ്പിച്ചത്.’- വെങ്കട്ട് പ്രഭു പറഞ്ഞു. വെങ്കട്ട് പ്രഭുവും വിജയ്‍യും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘ഗോട്ട്’.

‘ബിഗിലി’ന് ശേഷം വിജയ് ഇരട്ടവേഷത്തിലെത്തുവെന്ന പ്രത്യേകതയും ‘ഗോട്ടി’നുണ്ട്. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയത് ടെലിവിഷന്‍ കമ്ബനിയായ സീ ആണ്. 93 കോടി രൂപയ്ക്കാണ് എല്ലാ ഭാഷകളിലേയും സാറ്റലൈറ്റ് അവകാശം സീ നേടിയത്. തമിഴ്‌സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയാണിത്. പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, മോഹൻ, മീനാക്ഷി ചൗധരി, യോഗി ബാബു, അജ്മല്‍, ജയറാം, യുഗേന്ദ്രൻ, വൈഭവ്, പ്രേംജി, അരവിന്ദ് ആകാശ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *