ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത ‘കള്ളൻ’: തിലകനോടൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ ഷമ്മി തിലകൻ; ‘കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്നുപോകില്ലെന്ന് ആരാധകര്‍

മലയാള സിനിമാ ലോകത്ത് കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ തിലകനോടൊപ്പമുള്ള ചിത്രം പങ്കുവച്ച്‌ മകൻ ഷമ്മി തിലകൻ.

‘ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ’ എന്നാണ് തിലകന്റെ ചിത്രത്തോടൊപ്പം ഷമ്മി തിലകൻ ഫേസ്ബുക്കില്‍ കുറിച്ചത്.

അമ്മയുടെ പല നിലപാടുകളിലും അതൃപ്തി പ്രകടിപ്പിക്കുകയും ശക്തമായി എതിർക്കുകയും ചെയ്ത നടനാണ് തിലകൻ. തന്റെ നിലപാടില്‍ ഉറച്ച്‌ നിന്നതിന്റെ പേരില്‍ അദ്ദേഹത്തെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു. തിലകൻ അന്ന് പറഞ്ഞ കാര്യങ്ങള്‍ ശരിവയ്‌ക്കുന്ന തരത്തിലുള്ള വിവരങ്ങളും ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പരാമർശിക്കുന്നുണ്ട്.

റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഷമ്മി തിലകൻ പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധനേടുകയാണ്. സംവിധായകൻ വിനയൻ പങ്കുവച്ച കുറിപ്പിലും തിലകന്റെ പേര് പരാമർശിച്ചിരുന്നു. അദ്ദേഹം പറഞ്ഞ് വച്ചതിന്റെ ബാക്കിപത്രമാണ് ഈ റിപ്പോർട്ട്. തിലകന്റെ വാക്കുകള്‍ ഓർത്തെടുത്ത് കൊണ്ട് നിരവധി പേരാണ് പോസ്റ്റിന് താഴെ അഭിപ്രായങ്ങള്‍ പങ്കുവച്ച്‌ രംഗത്തെത്തുന്നത്. കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോകില്ലയെന്നും മലയാള സിനിമാ രംഗത്തെ ജാതി വെറിയും ഗുണ്ടായിസവും മാടമ്ബിത്തരവും സമൂഹത്തോട് സദൈര്യം പറഞ്ഞ മനുഷ്യനാണ് അദ്ദേഹമെന്നും കമന്റുകള്‍ പ്രത്യേക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *