രോമാഞ്ചം, ഗുരുവായൂരമ്ബല നടയില്‍, വാഴ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ ജോമോന്‍ ജ്യോതിര്‍ നായകനാവുന്നു.
സംവിധായകന്‍ എബ്രിഡ് ഷൈന്‍ തിരക്കഥ രചിച്ച്, സംവിധായകന്‍ ജിബു ജേക്കബ് ഒരുക്കുന്ന ഈ ചിത്രത്തിന്റെ പേര്, ‘റഫ് ആന്‍ഡ് ടഫ് ഭീകരന്‍’ എന്നാണ്.
ജിബു ജേക്കബ്, എബ്രിഡ് ഷൈന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ജെ ആന്‍ഡ് എ സിനിമാ ഹൌസ് എന്ന പ്രൊഡക്ഷന്‍ ബാനര്‍ നിര്‍മ്മിക്കുന്ന ഈ കോമഡി ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ജോമോന്‍ ജ്യോതിര്‍ ആദ്യമായി നായക വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.
1983 എന്ന സൂപ്പര്‍ ഹിറ്റ് നിവിന്‍ പോളി ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച എബ്രിഡ് ഷൈന്‍ പിന്നീടൊരുക്കിയ ചിത്രങ്ങളാണ് ആക്ഷന്‍ ഹീറോ ബിജു, പൂമരം, ദി കുങ്ഫു മാസ്റ്റര്‍, മഹാവീര്യര്‍ എന്നിവ. മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനായ ജിബു ജേക്കബ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത് ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയ വെള്ളിമൂങ്ങ എന്ന ബിജു മേനോന്‍ ചിത്രത്തിലൂടെയാണ്. അതിന് ശേഷം, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്ബോള്‍, ആദ്യരാത്രി, എല്ലാം ശരിയാകും, മേം ഹൂ മൂസ എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.
ജിബു ജേക്കബും എബ്രിഡ് ഷൈനും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ആള്‍ട്ടര്‍ ഈഗോ ടീമാണ്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വിട്ടിട്ടില്ല.