കൂരയില്‍നിന്ന് മൂന്നുനില വീട്ടിലേക്ക്; മധാ ജയകുമാര്‍ സിംകാര്‍ഡിന് ശ്രമിച്ചത് പോലീസ് എല്ലാവഴികളും അടച്ചതോടെ

ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണത്തട്ടിപ്പ് കേസില്‍ മുൻ മാനേജർ പിടിയില്‍. കോയമ്ബത്തൂർ മേട്ടുപ്പാളയം പോത്തി സ്ട്രീറ്റില്‍ മധാ ജയകുമാറിനെ (34) യാണ് കർണാടക – തെലങ്കാന അതിർത്തിയിലെ ബിദർ ഹുംനാബാദില്‍നിന്ന് പിടികൂടിയത്.

ഭാര്യയും സുഹൃത്തും ഒപ്പമുണ്ടായിരുന്നു. പുണെയിലേക്ക് കടക്കാൻ പുതിയ സിംകാർഡ് എടുക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാളെ ഹുംനാബാദ് പോലീസ് കസ്റ്റഡിയിലെടുത്തത്.

തിരിച്ചറിയല്‍ കാർഡില്ലാതെ സിം കാർഡ് കിട്ടുമോ എന്നന്വേഷിച്ച്‌ ഇയാള്‍ ഹുംനാബാദിലെ ഒരു മൊബൈല്‍ ഫോണ്‍ കടയില്‍ ചെന്നിരുന്നു. ഇതില്‍ സംശയം തോന്നി കടക്കാർ ചോദ്യം ചെയ്തതോടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. അപ്പോഴേക്കും കടക്കാർ പോലീസില്‍ വിവരം അറിയിച്ചിരുന്നു. പോലീസെത്തി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഥാർ ജീപ്പിലാണ് ഇയാളും ഭാര്യയും സുഹൃത്തും സഞ്ചരിച്ചിരുന്നത്.

പോലീസ് സ്റ്റേഷനിലെത്തിച്ചശേഷം നടത്തിയ പരിശോധനയില്‍ ഇയാളുടെപേരില്‍ വടകര സ്റ്റേഷനില്‍ സ്വർണത്തട്ടിപ്പിന് കേസുള്ളതായി മനസ്സിലാവുകയും വിവരം കോഴിക്കോട് റൂറല്‍ എസ്.പി.യെ അറിയിക്കുകയും ചെയ്തു. മധാ ജയകുമാറിനെത്തേടി മേട്ടുപ്പാളയത്തുണ്ടായിരുന്ന പോലീസ് സംഘം ഉടൻ ബിദറിലേക്ക് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ ഇയാളെ കസ്റ്റഡിയിലെടുത്തു. വൈകീട്ടോടെ വടകര ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തി. ഭാര്യയെയും സുഹൃത്തിനെയും പോലീസ് വടകരയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. ഇവരുടെപേരില്‍ കേസൊന്നുമില്ല.

അറസ്റ്റിലായെങ്കിലും ഇയാളില്‍നിന്ന് സ്വർണമൊന്നും ലഭിച്ചിട്ടില്ല. കുറച്ച്‌ പണം കിട്ടിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ജി. ബാലചന്ദ്രൻ, വടകര ഡിവൈ.എസ്.പി. ആർ. ഹരിപ്രസാദ്, വടകര ഇൻസ്പെക്ടർ എൻ. സുനില്‍കുമാർ എന്നിവർ ചോദ്യം ചെയ്യുന്നുണ്ട്. എസ്.ഐ. ബിജു വിജയൻ, സീനിയർ സിവില്‍ പോലീസ് ഓഫീസർ റിനീഷ് കൃഷ്ണ, സൈബർ സെല്ലിലെ വിജേഷ് എന്നിവരാണ് ബിദറില്‍ പോയി ഇയാളെ കസ്റ്റഡിയിലെടുത്തത്.

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയില്‍നിന്ന് 17.20 കോടി രൂപ മൂല്യമുള്ള 26.24 കിലോഗ്രാം സ്വർണം മധാ ജയകുമാർ കടത്തി പകരം വ്യാജസ്വർണം വെച്ചെന്നാണ് കേസ്. 42 അക്കൗണ്ടുകളിലുള്ള സ്വർണമാണിത്. ഇതെല്ലാം ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റേതാണെന്ന് തെളിഞ്ഞിട്ടുണ്ട്.

മധാ ജയകുമാർ സിം കാർഡിന് ശ്രമിച്ചത് പോലീസ് എല്ലാവഴികളും അടച്ചതോടെ

കോഴിക്കോട്: മധാ ജയകുമാർ പുതിയ സിം കാർഡിനുശ്രമിച്ചത് പോലീസ് മറ്റെല്ലാവഴികളും അടച്ചതോടെ. ഇയാളുടെയും ഭാര്യയുടെയും അക്കൗണ്ട് പോലീസ് മരവിപ്പിച്ചതിനുപുറമേ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളെല്ലാം ബ്ലോക്ക്ചെയ്യുകയും ചെയ്തു.

ആധാർ കാർഡുപയോഗിച്ച്‌ എന്തുചെയ്താലും പോലീസിന് വിവരംകിട്ടുന്ന സ്ഥിതി. സ്വന്തം ഫോണും ഉപയോഗിക്കാൻ സാധിച്ചില്ല. ഇതോടെയാണ് പുതിയ സിം കാർഡിനുശ്രമിച്ചത്. എന്നാല്‍, ഇതുപാളിയതോടെ എളുപ്പത്തില്‍ പോലീസിന്റെ പിടിയിലായി.

കൂരയില്‍നിന്ന് മൂന്നുനില വീട്ടിലേക്ക്

മധാ ജയകുമാർ ആദ്യം താമസിച്ചിരുന്നത് ഓലമേഞ്ഞ കൂരയില്‍. ഇപ്പോള്‍ താമസിക്കുന്നതാകട്ടെ മൂന്നുനില വീട്ടില്‍. ഈ വീട്ടില്‍ ലിഫ്റ്റ് സൗകര്യമൊക്കെയുണ്ട്. കൂടാതെ ഓഡി കാറും ഥാർ ജീപ്പും സ്വന്തമായുണ്ട്. പലിയിടങ്ങളിലായി ഫ്ളാറ്റ്, സ്ഥലം എന്നിവയുമുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇതുസംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നുനില വീട് പോലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ഇവിടെനിന്ന് സ്വർണമൊന്നും കണ്ടെത്തിയില്ല.

Leave a Reply

Your email address will not be published. Required fields are marked *