ഒല്ലൂർ സ്വദേശിനിയായ യുവതിയിൽ നിന്നും വാട്സാപിലൂടെ പരിചയപെട്ട GOLD MAN SACHS എന്ന കമ്പനി നിക്ഷേപത്തിന് കൂടുതൽ ലാഭം എന്ന വാഗ്ദാനം നൽകി അരക്കോടിയിലധികം രൂപ ഓൺലൈൻ വഴി തട്ടിയെടുത്ത കേസിലെ പ്രതികളായ മലപ്പുറം എടരിക്കോട് ചിതലപ്പാറ സ്വദേശി എടക്കണ്ടൻ വീട്ടിൽ അബ്ദുറഹ്മാൻ (25), എടക്കോട് പുതുപറമ്പ് സ്വദേശി കാട്ടികുളങ്ങര വീട്ടിൽ സാദിഖ് അലി (32), കുറ്റിപ്പുറം സ്വദേശി തടത്തിൽ വീട്ടിൽ ജിത്തു കൃഷ്ണൻ (24), കാട്ടിപ്പറത്തി കഞ്ഞിപ്പുര സ്വദേശി ചെറുവത്തൂർ വീട്ടിൽ രോഷൻ റഷീദ് (26) എന്നിവരെയാണ് തൃശൂർ സിറ്റി സൈബർ ക്രൈം പോലീസ് അന്വേഷണ സംഘം പിടികൂടിയത്.
യുവതിയുടെ വാട്സാപ് നമ്പരിലേക്ക് GOLD MAN SACHS കമ്പനിയുടെ അധികാരികളാണ് ട്രേഡിങ്ങ് ടിപ്സ് തരാമെന്നും പറഞ്ഞാണ് യുവതിയുമായി പരിചപെട്ടത്. പിന്നീട് ട്രേഡിങ്ങിൻെറ ഭാഗമായി വേറൊരു വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാക്കുകയും ചെയ്തു. യുവതിയെ കൂടുതൽ പണം ഉണ്ടാക്കാമെന്ന വിശ്വാസം നേടിയെടുക്കുന്നതുമായ പ്രവർത്തനങ്ങളായിരുന്നു ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. ഇതുകണ്ട് കമ്പനിയെ വിശ്വസിച്ച് പല ഘട്ടങ്ങളിലായി പണം നിക്ഷേപിക്കുകയായിരുന്നു. കൂടുതൽ വിശ്വാസം നേടിയെടുക്കുന്നതിനായി ഒരു തുക ലാഭവിഹിതമെന്ന പേരിൽ കമ്പനി അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. അങ്ങനെ 57,09,620/- രൂപയാണ് യുവതി നിക്ഷേപിച്ചത്. ഇങ്ങനെ യുവതിക്കു കിട്ടിയ ലാഭവിഹിതവും കഴിച്ചുള്ള 55,80,620/- രൂപ തട്ടിപ്പിൽ നഷ്ടപെടുകയായിരുന്നു.
പിന്നീട് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. അന്വേഷണ സംഘത്തിൻെറ ഊർജ്ജിതമായ പരിശോധനയിലാണ് നാല് പ്രതികളേയും പിടികൂടിയത്.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ സുധീഷ് കുമാർ, സബ് ഇൻസ്പെക്ടർമാരായ കെ. ശ്രീഹരി, കെ. ജയൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ വിനു പി കുര്യാക്കോസ്, എ. ശുഭ, സിവിൽ പോലീസ് ഓഫീസർമാരായ വി.ബി അനൂപ്, അഖിൽ കൃഷ്ണ, ചന്ദ്രപ്രകാശ്, ഒ.ആർ അഖിൽ, കെ. അനീഷ്, വിനോദ് ശങ്കർ എന്നിവരാണ് ഉണ്ടായിരുന്നത്.
കേരള പോലീസ് മറ്റു ജില്ലാ പോലീസ് സാമൂഹ്യ മാധ്യമങ്ങളിലൂടേയും നിരന്തരമായി നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങളെ അവഗണിക്കാതിരിക്കുക. സംശയാസ്പദമായ ലിങ്കുകളിൽ ക്ളിക്ക് ചെയ്യാതിരിക്കുക. ഓ ടി പി, സാമ്പത്തിക സ്വകാര്യവിവരങ്ങൾ ഷെയർ ചെയ്യാതിരിക്കുക, അനാവശ്യ ലിങ്കുകൾ ക്ളിക്ക് ചെയ്ത് ആപ്ളിക്കേഷനുകൾ ഡൌൺലോഡ് ചെയ്യാതിരിക്കുക. അപരിചിതരുടെ വീഡിയോ കോളുകളോട് പ്രതികരിക്കാതിരിക്കുക. കോളുകൾ സംശയാസ്പദമായി തോന്നിയാൽ 112 എന്ന നമ്പരിൽ വിളിച്ച് ഉറപ്പുവരുത്തിയതിനുശേഷം പ്രതികരിക്കുക. സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻതന്നെ 1930 എന്ന നമ്പരിൽ റിപ്പോർട്ട് ചെയ്യുക.