കേരളം അതീവ ദുഃഖത്തില്‍, അതിജീവനത്തിന് ഊര്‍ജ്ജം പകരുന്നതാവണം സ്വാതന്ത്ര്യദിനാഘോഷം : മുഖ്യമന്ത്രി

തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയര്‍ത്തി.

കനത്ത മഴയ്ക്കിടെയാണ് തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷം നടന്നത്. വയനാട് ദുരന്തത്തിന്റെ് പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ദുഖത്തിലാണെന്നും വിഷമിച്ചിരുന്നാല്‍ മതിയാകില്ലെന്നും നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു.

ഇരുണ്ട കാലത്തെ തിരിച്ചു കൊണ്ടുവരാൻ ചിലർ ശ്രമിക്കുന്നുവെന്നും ജാതിയേയും വർഗീയതയേയും ചിലർ ആയുധമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പ്രദേശങ്ങള്‍ക്കും ഭരണനിർവഹണത്തില്‍ തുല്യപങ്കാളിത്തം ഉറപ്പുവരുത്തണമെന്നും വിഭവങ്ങളുടെ മേല്‍ തുല്യ അവകാശം ഉറപ്പുവരുത്താതെ അസന്തുലിതാവസ്ഥക്ക് പരിഹാരം കാണാൻ കഴിയില്ലെന്നും കേന്ദ്ര അവഗണന പരാമർശിച്ചുകൊണ്ട് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സ്വാതന്ത്യ്രദിനാഘോഷ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കാലാവസ്ഥ മുന്നറിയിപ്പുകള്‍ കാര്യക്ഷമമാക്കണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുവായ മുന്നറിയിപ്പുകള്‍ അല്ല, കൃത്യമായ പ്രവചനങ്ങളാണ് വേണ്ടത്. 21ാം നൂറ്റാണ്ടിലും പ്രകൃതി ദുരന്തങ്ങള്‍ മുൻകൂട്ടി പ്രവചിക്കാൻ രാജ്യത്തിനാകുന്നില്ല.ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടെന്നു പറയുമ്ബോഴും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്താനാവുന്നില്ല.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തെട്ടാം വർഷത്തിലേക്കു കടക്കുകയാണിന്ന്. സ്വാതന്ത്ര്യദിനം എന്നത് ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച്‌ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനമാണ്. അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലൂടെ സാമ്രാജ്യത്വത്തെ മുട്ടുകുത്തിച്ച സ്വാതന്ത്ര്യ സമരത്തിന്റെയും ധീര ദേശാഭിമാനികളുടെയും സ്മൃതികള്‍ ആരിലാണ് സന്തോഷവും അഭിമാനവും നിറയ്ക്കാത്തത്. എന്നാല്‍, അത്രയേറെ ഉള്ളുതുറന്ന് സന്തോഷിക്കാൻ കഴിയുന്ന ഒരു സാഹചര്യത്തിലല്ല, നാമിന്നുള്ളത്. വയനാട്ടിലുണ്ടായ പ്രകൃതിദുരന്തം നമ്മുടെ നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ഓർമ്മകള്‍ക്കു മുമ്ബില്‍ ആദരാഞ്ജലികള്‍ അർപ്പിക്കുന്നു.

വൈവിധ്യങ്ങളുടെ ഒരു വലിയ സമന്വയമാണ് ഇന്ത്യ എന്ന രാഷ്ട്രം. നമ്മുടെ രാഷ്ട്രത്തിന്റെ നിലനില്‍പ്പുതന്നെ നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ സങ്കല്‍പത്തിലൂന്നിയതാണ്. എന്നാല്‍, അതിനെ തകർക്കാനുള്ള ശ്രമങ്ങള്‍ ഇന്ന് ചില കോണുകളില്‍ നിന്ന് ഉണ്ടാവുകയാണ്. വൈവിധ്യങ്ങളെ തച്ചുടച്ചുകൊണ്ട് ഏകതാനതയിലേക്ക് ചുരുങ്ങാൻ ശ്രമിച്ച നമ്മുടെ അയല്‍രാജ്യങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ ഈ ഘട്ടത്തില്‍ നമുക്ക് പാഠമാകേണ്ടതുണ്ട്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഇഷ്ടമുള്ള ആരാധനക്രമം പിന്തുടരാനും നിർഭയമായി ഓരോ ഇന്ത്യാക്കാരനും കഴിയുന്ന സ്ഥിതി ഈ നാട്ടില്‍ നിലനില്‍ക്കണം. അത് ഉറപ്പുവരുത്തുക എന്നതാവും നമ്മുടെ ധീരദേശാഭിമാനികള്‍ക്കു നല്‍കാൻ കഴിയുന്ന ഏറ്റവും വലിയ ആദരം.

ദേശാതിർത്തികളെ അതിലംഘിച്ചുകൊണ്ടു മാത്രമല്ല, അധിനിവേശത്തിന്റെ ജീർണ സംസ്‌കാരം കടന്നുവരുന്നത്. അധിനിവേശത്തെ, എല്ലാ തലത്തിലും ചെറുക്കാൻ കഴിയുക സ്വന്തമെന്ന നിലയ്ക്ക് അഭിമാനിക്കാൻ തനിമയുള്ള ചിലതുണ്ട് എന്ന് തിരിച്ചറിയുമ്ബോഴും അവ നഷ്ടപ്പെടുത്തിക്കൂടാ എന്ന അഭിമാനബോധം ഉണരുമ്ബോഴുമാണ്. അതുണർത്താൻ നമ്മുടെ സ്വാതന്ത്ര്യസമര സ്മൃതികള്‍ക്ക് കഴിയട്ടെ. നഷ്ടപ്പെടാൻ വിലപ്പെട്ടതായി ഒന്നുമില്ലെന്നു കരുതുന്ന ഒരു ജനതയെ ഏത് അധിനിവേശ ശക്തിക്കും കീഴടക്കാം. നഷ്ടപ്പെടുത്തിക്കൂടാത്ത ചിലതു തങ്ങള്‍ക്കുണ്ടെന്ന ബോധമാണ് ചെറുത്തുനില്‍ക്കാൻ കരുത്തു നല്‍കുന്നത്.
ആ കരുത്തിലൂന്നി നിന്നുകൊണ്ട് രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലേക്കു നയിക്കാൻ ആത്മസമർപ്പണത്തോടെ പ്രവർത്തിക്കും എന്ന് നമുക്ക് ഏവർക്കും ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രതിജ്ഞയെടുക്കാം. എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകള്‍.

Leave a Reply

Your email address will not be published. Required fields are marked *