സ്വാതന്ത്ര്യദിനാഘോഷത്തിനു രാജ്യമൊരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഹര്‍ ഘര്‍ തിരംഗ കാമ്ബയിന് ഇത്തവണയും വന്‍ ജനപിന്തുണയാണ്.
ദേശീയ പതാക രൂപ കല്പന ചെയ്ത പിംഗലി വെങ്കയ്യയുടെ ജന്മദിനമായ ആഗസ്ത് ഒന്‍പതു മുതല്‍ സ്വാതന്ത്ര്യദിനമായ 15 വരെയാണ് കാമ്ബയിന്‍.
വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തി എല്ലാവരും പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ദേശീയ പതാക മുഖചിത്രമാക്കിയും ലക്ഷക്കണക്കിനാളുകള്‍ ഇതിനകം കാമ്ബയിന്റെ ഭാഗമായിക്കഴിഞ്ഞു. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവ ഭാഗമായാണ് പ്രധാനമന്ത്രി ഹര്‍ ഘര്‍ തിരംഗ കാമ്ബയിനു തുടക്കമിട്ടത്. കാമ്ബയിന്‍ ജനകോടികള്‍ ഏറ്റെടുത്തതോടെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും തുടരുകയായിരുന്നു.
ഹര്‍ ഘര്‍ തിരംഗ കാമ്ബയിനെ പിന്തുണച്ചുള്ള തിരംഗ യാത്രകള്‍ നാടിനെ ത്രിവര്‍ണമണിയിക്കുകയാണ്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ തിരംഗ യാത്രകളാല്‍ നിറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പുറമേ ബിജെപിയും യുവമോര്‍ച്ചയും രാജ്യമെങ്ങും തിരംഗ യാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്. ജമ്മുകശ്മീരിലെ ശ്രീനഗറിലെ തിരംഗ യാത്ര ഏവര്‍ക്കും പ്രചോദനമേകുന്നതാണെന്ന് പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. തിരംഗ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്ത ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ പോസ്റ്റ് പങ്കുവച്ചാണ് പ്രധാനമന്ത്രിയുടെ കുറിപ്പ്. ഗുജറാത്ത് സൂറത്തിലെ തിരംഗ യാത്രയുടെ ദൃശ്യങ്ങളും പ്രധാനമന്ത്രി ഇന്നലെ എക്സില്‍ പങ്കുവച്ചു.
ദല്‍ഹിയിലെ ഇന്നത്തെ തിരംഗ ബൈക്ക് റാലി ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. രാവിലെ ഏഴിന് ഭാരത് മണ്ഡപത്തില്‍ നിന്നാണ് യാത്ര ആരംഭിക്കുക. അഹമ്മദാബാദില്‍ ഇന്നത്തെ തിരംഗ യാത്ര കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫ്‌ലാഗ് ഓഫ് ചെയ്യും. അഹമ്മദാബാദിലെ വിരാട്നഗര്‍ ഏരിയയില്‍ വൈകിട്ട് 4.30ന് യാത്ര ആരംഭിക്കും.
കഴിഞ്ഞ ജൂലൈ 28ലെ 112-ാമത് മന്‍ കി ബാത്തിലാണ് ഹര്‍ ഘര്‍ തിരംഗ കാമ്ബയിനില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. കാമ്ബയിനില്‍ പങ്കെടുക്കുന്നതിനു പൊതുജനങ്ങള്‍ക്ക് ദേശീയ പതാകകള്‍ ലഭ്യമാക്കാന്‍ തപാല്‍ വകുപ്പ് ഉള്‍പ്പെടെ കൂടുതല്‍ സജ്ജീകരണങ്ങളൊരുക്കിയിട്ടുണ്ട്. ജനഹൃദയങ്ങളില്‍ ദേശ സ്നേഹവും ദേശീയ പതാകയെക്കുറിച്ചുള്ള അവബോധവും വളര്‍ത്തുകയാണ് ഹര്‍ ഘര്‍ തിരംഗ കാമ്ബയിന്റെ ലക്ഷ്യം.