മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും ജെ.ഡി-എസും ചേർന്ന് നടത്തിയ ‘മൈസൂരു ചലോ’ പദയാത്രക്ക് പിന്നാലെ പാർട്ടിയിലെ അസംതൃപ്ത നേതാക്കള്‍ മറ്റൊരു പദയാത്ര സംഘടിപ്പിക്കുന്നു.
ബി.എസ്. യെദിയൂരപ്പ പാർട്ടിയില്‍ കുടുംബാധിപത്യം സ്ഥാപിക്കുന്നതില്‍ അമർഷമുള്ള നേതാക്കള്‍ റിസോർട്ടില്‍ യോഗം ചേർന്ന് കൈക്കൊണ്ടതാണ് ഈ തീരുമാനം. കോണ്‍ഗ്രസ് സർക്കാറിനെതിരെ മഹർഷി വാത്മീകി കോർപറേഷൻ അഴിമതി, പട്ടികജാതി/വർഗ ക്ഷേമ ഫണ്ട് വകമാറ്റം എന്നിവ ഉയർത്തിയാവും കുടലസംഗമ മുതല്‍ ബല്ലാരിവരെ പദയാത്ര.
എം.എല്‍.എമാരായ രമേഷ് ജാർക്കിഹോളി, ബസനഗൗഡ പാട്ടീല്‍ യത്നാല്‍, മുൻ എം.പിമാരായ അണ്ണാസാഹെബ് ജോലെ, പ്രതാപ് സിംഹ, ജി.എം. സിദ്ധേശ്വര, മുൻ മന്ത്രി അരവിന്ദ് ലിംബാവലി, കുമാർ ബംഗാരപ്പ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു. യോഗത്തിനുശേഷം അതില്‍ പങ്കെടുത്ത നേതാക്കള്‍തന്നെയാണ് പദയാത്ര തീരുമാനം മാധ്യമപ്രവർത്തകരെ അറിയിച്ചത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര, അദ്ദേഹത്തിന്റെ പിതാവ് മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ബി.എസ്. യെദിയൂരപ്പ എന്നിവരോട് കടുത്ത അതൃപ്തിയുള്ളവരാണ് ഈ നേതാക്കള്‍.
പദയാത്രക്ക് മുമ്ബ് പാർട്ടി കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തും. കൂടാതെ സമാന ചിന്താഗതിക്കാരായ നേതാക്കളുമായി ചേർന്ന് ബംഗളൂരുവില്‍ മറ്റൊരു ചർച്ചയുമുണ്ടാവും. മുഡ അഴിമതിക്കെതിരായ പദയാത്ര മൈസൂരുവില്‍ മാത്രം ഒതുങ്ങി എന്നതാണ് ഈ നേതാക്കള്‍ തങ്ങള്‍ നടത്തുന്ന പദയാത്രക്ക് നല്‍കുന്ന ന്യായീകരണം.