ബിഗ് ബോസ് ഒഴിവാക്കാൻ മാത്രം തിരക്കിലാണോ കമല്‍ ഹാസൻ? മറ്റെന്തെങ്കിലും കാരണമാണോ ഈ മാറ്റത്തിനു പിന്നില്‍

ബിഗ് ബോസ് തമിഴ് ഏഴാം സീസണില്‍ കമല്‍ ഹാസൻ ഇല്ല. ആരാധകരെ വിഷമത്തിലാഴ്ത്തിയ ഈ വാർത്ത കമല്‍ ഹാസൻ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചത്.

പുതിയ സീസണ്‍ തുടങ്ങാനിരിക്കെ പുതിയ തീരുമാനവുമായി കമല്‍ ഹാസൻ എത്തിയത്. ശരിക്കും എല്ലാവരെയും ഞെട്ടിക്കുന്ന വാർത്തയായിരുന്നു ഇത്. ഇതോടെ ഇനിയാര് ബിഗ് ബോസ് അവതാരനാവും എന്ന ചർച്ചകളും തുടങ്ങി. കമല്‍ ഹാസന് പകരം മറ്റൊരാള്‍ എന്നത് ആരാധകർക്ക് സങ്കല്‍പിക്കാൻ കഴിയുന്നില്ല.

2017ലാണ് വിജയ് ടിവിയിലൂടെ ബിഗ് ബോസ് തമിഴ് ഷോ സംപ്രേഷണം ആരംഭിച്ചത്. ‍ജനങ്ങളെ അത്രയും എന്റർടെയ്ൻ ചെയ്യിക്കുകയും അതേ പോലെ ചിന്തിപ്പിക്കുകയും ചെയ്ത ഷോ തന്നെയാണിത്. കമല്‍ ഹാസന്റെ ഈ മാറ്റത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നാണ് പൊതുവേ സംസാരം. നിലവില്‍ അദ്ദേഹത്തിന് സിനിമകളുടെ തിരക്ക് മൂലമാണ് പിൻമാറുന്നതെന്നാണ് പറയുന്നത്. ഇത്രയും സിനിമകള്‍ ഒരുമിച്ച്‌ അദ്ദേഹത്തിന് ഷൂട്ട് ചെയ്യാൻ ഉണ്ടോ എന്നാണ് ആളുകള്‍ ചോദിക്കുന്നത്.

കഴിഞ്ഞ സീസണില്‍ കമല്‍ ഹാസൻ നിരവധി വിവാദങ്ങളില്‍ പെട്ടിരുന്നു. അതായത് പ്രദീപ് അന്റണി എന്ന മത്സരാർത്ഥിക്ക് റെഡ് കാർഡ് കൊടുക്കുകയും പ്രദീപ് പുറത്താവുകയും ചെയ്തിരുന്നു. അതിന്റെ പേരില്‍ നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് നെഗറ്റീവ് കമന്റുകളും കമല്‍ ഹാസൻ നേരിട്ടിരുന്നു. അതിന്റെ പേരില്‍ ഉണ്ടായ പ്രശ്നങ്ങള്‍ കാരണമാണോ കമല്‍ ഹാസന്റെ ഈ പുതിയ തീരുമാനമെന്നും പലരും ആശങ്കപ്പെടുന്നു. എന്തായാലും അദ്ദേഹം പറഞ്ഞ പോലെ നിരവധി സിനിമകളാണ് ഇനി ഷൂട്ടിംഗ് ചെയ്യാനുള്ളത്.

മണി രത്നം സംവിധാനം ചെയ്യുന്ന തഗ് ലൈഫാണ് ഇനി റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ നിർമ്മാണവും കമല്‍ഹാസൻ തന്നെയാണ്. മാത്രമല്ല കഥ എഴുതിയത് മണി രത്നവും കമല്‍ഹാസനും ചേർന്നാണ്. ഇതൊരു മള്‍ട്ടി സ്റ്റാർ ചിത്രമാണ്. ചിമ്ബു, അശോക് സെല്‍വൻ എന്നിവരാണ് മറ്റു പ്രധാന വേഷത്തിലെത്തുന്നത്. ഈ വർഷം തന്നെ ചിത്രം റിലീസ് ചെയ്യും.

അടുത്തത് വിക്രം 2. അതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു കുഞ്ഞിനൊപ്പം ഉലക നായകൻ പുതിയൊരു ലുക്കില്‍ ഇരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നു. വിക്രം 2 ന്റെ ഷൂട്ടിംഗ് സെറ്റില്‍ ഇരിക്കുന്നതാണെന്ന് ഫോട്ടോയിലൂടെ വ്യക്തമാണ്. ലോകേഷ് കനകരാജിന്റെ കൂലി എന്ന ചിത്രത്തിനു ശേഷമായിരിക്കും വിക്രം 2 റിലീസ് ചെയ്യുന്നത്.

പ്രമുഖ സ്റ്റണ്ട് ഡയറക്ടർ അൻപറിവ് സംവിധാനം ചെയ്യുന്ന സിനിമയില്‍ കമല്‍ഹാസൻ തന്നെയാണ് നായകൻ. ഈ ചിത്രവും കമല്‍ഹാസൻ തന്നെയാണ് നിർമ്മിക്കുന്നത്. എന്നാല്‍ ഷൂട്ടിംഗ് അടുത്ത വർഷമാണ് ആരംഭിക്കുന്നത്. അതുപോലെ തന്നെ കല്‍കി 2, ഇന്ത്യൻ 3 എന്നീ ചിത്രങ്ങളും കമല്‍ ഹാസന്റേതായി റിലീസിനുണ്ട്. ഇതില്‍ കല്‍കിയുടെ രണ്ടാം ഭാഗത്തിലാണ് കമല്‍ ഹാസനു കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നത്. അതിനാല്‍ അതിന്റെ ഷൂട്ടിംഗ് ഇനി തുടങ്ങും.

ഇന്ത്യൻ 3 ഷൂട്ടിംഗ് പൂർത്തിയായതാണ്. എന്നാല്‍ അതിന്റെ പ്രൊമോഷൻ വർക്കുകള്‍ക്കായി തനിക്ക് സമയം വേണമെന്നായിരുന്നു കമലിന്റെ ആവശ്യം. ഇത്രയും സിനിമകള്‍ കമലിന് ചെയ്യാനിരിക്കുമ്ബോള്‍ ബിഗ് ബോസ് ചെയ്യാനുള്ള സമയം ഉണ്ടാവില്ല എന്നാണ് അദ്ദേഹം പറയുന്നത്. കൊവിഡ് കാലത്ത് അദ്ദേഹത്തിന് അസുഖം ബാധിച്ചപ്പോള്‍ കുറച്ച്‌ എപ്പിസോഡുകളില്‍ രമ്യാ കൃഷ്ണനായിരുന്നു അവതാരികയായി എത്തിയത്. അതിനാല്‍ രമ്യാ കൃഷ്ണൻ പുതിയ അവതാരികയാകുമോ എന്ന് സംശയമുണ്ട്. ഒപ്പം ചിമ്ബുവിന്റേയും ശരത്കുമാറിന്റേയും പേരുകള്‍ ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *