ബുദ്ധി വികാസത്തെ പരിപോഷിപ്പിക്കുന്ന ഔഷധ ഗുണങ്ങളുടെ കലവറയാണ് ബ്രഹ്മി. മാംസ്യം, കൊഴുപ്പ്, അന്നജം, നാര്, കാല്‍സ്യം, ഫോസ്ഫറസ്, അസ്കോർബിക് ആസിഡ്, നിക്കോട്ടിനിക് ആസിഡ് ഇരുമ്ബ് തുടങ്ങിയവ ധാരാളമായി ഇതില്‍ അടങ്ങിയിരിക്കുന്നു.
തലമുറകളായി ബ്രഹ്മി പലവിധ ചികിത്സാ വിധികള്‍ക്കായി ഉപയോഗിച്ചുവരുന്നുണ്ട്. കുഞ്ഞുങ്ങളിലെ ബുദ്ധിവികാസവും, ഓർമ്മശക്തിയുമെല്ലാം വർദ്ധിപ്പിക്കാൻ സഹായകമായ ഒരു ഔഷധമായാണ് ബ്രഹ്മിയെ കണക്കാക്കിയിരിക്കുന്നത്. ആയുർവേദം, സിദ്ധ, യുനാനി, തുടങ്ങിയ ചികിത്സാ വിധികളിലെല്ലാം പലവിധ രോഗാവസ്ഥകളെ ചികിത്സിക്കുന്നതില്‍ വ്യാപകമായ പങ്കുണ്ട് ഇവയ്‌ക്ക്.
ഒരാളുടെ ശാരീരിക ആരോഗ്യത്തിനാവശ്യമായ മൂല്യവത്തായ പോഷകങ്ങളുടെയെല്ലാം ശക്തികേന്ദ്രമാണ് ബ്രഹ്മി സസ്യം എന്ന് പറയപ്പെടുന്നു. ഇതിന്റെ ഉപയോഗം തലച്ചോറിലെ രാസ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും അതുവഴി ചിന്താശേഷിയിലും ഓർമ്മശക്തിയിലുമെല്ലാം മികവു പുലർത്താൻ വഴിയൊരുക്കുകയും ചെയ്യുന്നു.
തലച്ചോറുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുന്നതിന് നിരവധി നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന ഔഷധ മാർഗങ്ങളില്‍ ഒന്നാണ് ബ്രഹ്മി. ഒരാളുടെ ഓർമ്മശക്തി ശ്രദ്ധ ഏകാഗ്രത തുടങ്ങിയ കാര്യങ്ങള്‍ മെച്ചപ്പെടുത്താൻ ഇവ ഏറ്റവും ഫലപ്രദമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. 6 മുതല്‍ 8 വയസ്സുവരെയുള്ള കുട്ടികളുടെ മാനസികാരോഗ്യ വളർച്ചയെ ഏകോപിപ്പിക്കാനായി ബ്രഹ്മി നല്‍കേണ്ടത് ആവശ്യമാണെന്ന് ആയുർവേദം ശുപാർശ ചെയ്യുന്നു.
ഓർമ്മശക്തിക്കുറവ്, മറവിരോഗം തുടങ്ങിയ പ്രശ്നങ്ങള്‍ അനുഭവപ്പെടുന്ന ആളുകള്‍ക്കും അല്‍ഷിമേഴ്‌സ് ബാധിച്ച പ്രായമായവർക്കുമെല്ലാം ഇത് വലിയ രീതിയില്‍ ഗുണം ചെയ്യും. ഗര്‍ഭിണികളായ സ്ത്രീകള്‍ ബ്രഹ്മി കഴിയ്‌ക്കുന്നതും ശുപാർശ ചെയ്യുന്നതാണ്. കുഞ്ഞിന്റെ ആരോഗ്യ വികാസത്തിന് പ്രത്യേകിച്ചും തലച്ചോറിന്റെ വികസനത്തിന് ഇത് കഴിക്കുന്നത് മികച്ചതാണെന്ന് പറയപ്പെടുന്നു.
ബ്രഹ്മി എന്ന ഔഷധ സസ്യം ചർമ്മ സംരക്ഷണത്തിലും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. സൗന്ദര്യ പരിപാലന മാർഗങ്ങള്‍ക്കും ഏറെ മികച്ചതാണ് ബ്രഹ്മി എന്ന ചെറുസസ്യം. ബ്രഹ്മിനീര് കഴിയ്‌ക്കുന്നത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്‌ക്കാനും ചൊറിച്ചില്‍ പോലെയുള്ള ചർമ്മരോഗങ്ങളെ പ്രതിരോധിക്കാനും നല്ലതാണ്.
കേശ സംരക്ഷണത്തിനും പ്രത്യേകിച്ച് അകാല നരയുടെ പ്രശ്നങ്ങളെ കുറയ്‌ക്കുന്നതിനും മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഇവ പരിഹാര മാർഗമായി ഉപയോഗിച്ചുവരുന്നു. ബ്രഹ്മി അരച്ച് പാലില്‍ ചേർത്ത് കുടിക്കുന്നത് അകാല നര ഉള്‍പ്പടെ പല സൗന്ദര്യ പ്രശ്നങ്ങളും പരിഹരിക്കാൻ മികച്ച മാർഗ്ഗമാണ്.