മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരേ പ്രചാരണം: അഖില്‍ മാരാരുടെ പേരിലടക്കം സംസ്ഥാനത്ത് 14 കേസുകള്‍

വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യർഥനയ്ക്കെതിരേ പ്രചാരണം നടത്തിയതിന് സംവിധായകൻ അഖില്‍ മാരാരുടെ പേരിലടക്കം 14 കേസുകള്‍ രജിസ്റ്റർ ചെയ്തു.

തിരുവനന്തപുരം സിറ്റിയില്‍ നാലും എറണാകുളം സിറ്റിയിലും പാലക്കാട്ടും രണ്ടുവീതവും കൊല്ലം സിറ്റി, എറണാകുളം റൂറല്‍, തൃശ്ശൂർ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളില്‍ ഒന്നുവീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്.

ഇത്തരത്തിലുള്ള 194 പോസ്റ്റുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ കണ്ടെത്തി. അവ നീക്കംചെയ്യുന്നതിന് നോട്ടീസും നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരേയുള്ള പ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സാമൂഹിക മാധ്യമങ്ങളില്‍ സൈബർ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് കേരള പോലീസ് ഔദ്യോഗിക ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ഇത്തരത്തില്‍ പോസ്റ്റുകള്‍ നിർമിക്കുകയും ഷെയർ ചെയ്യുകയും ചെയ്യുന്നവർക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

എറണാകുളം ഇൻഫോപാർക്ക് പോലീസാണ് അഖില്‍ മാരാരുടെ പേരില്‍ കേസെടുത്തത്. കേസെടുത്തതിനു പുറകെ മഹാരാജാവ് നീണാള്‍ വാഴട്ടെയെന്ന് ഫെയ്സ്ബുക്കില്‍ കുറിപ്പിടുകയും ചെയ്തു. ഇതിനെതിരേയും അനുകൂലമായും പ്രതികൂലമായും നിരവധി പ്രതികരണങ്ങള്‍ വരുന്നുണ്ട്.

അതിനുശേഷം വിശദമായൊരു വീഡിയോയും അഖില്‍ മാരാർ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ മുഖ്യമന്ത്രിയെയും തനിക്കെതിരേ കേസെടുക്കണമെന്ന് പോസ്റ്റിട്ട എഴുത്തുകാരൻ എൻ.എസ്.മാധവനെയും നിശിതമായി വിമർശിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *