64-കാരനെ ഹണി ട്രാപ്പില്‍ പെടുത്തി പണം തട്ടാൻ ശ്രമം; മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍, പോലീസുകാരൻ ഒളിവില്‍

ഹണി ട്രാപ്പില്‍ പെടുത്തി വയോധികനില്‍നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച മൂന്ന് സ്ത്രീകള്‍ പിടിയില്‍.

പുണെയിലാണ് സംഭവം. വിശ്രാംബാഗ് പോലീസാണ് സ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇവർക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്ത കാശിനാഥ് മാരുതി ഉബെ എന്ന പോലീസുകാരനാണ് നാലാം പ്രതി. വനിതാ അവകാശ സംരക്ഷണ സമിതി അംഗമായ ഇയാള്‍ ഒളിവിലാണ്.

ജൂലായ് 29-നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. 64-കാരനായ വയോധികനെയാണ് ഇവർ ഹണി ട്രാപ്പില്‍ പെടുത്താൻ ശ്രമിച്ചത്. ഇദ്ദേഹത്തെ പ്രതികള്‍ താമസിക്കുന്ന ലോഡ്ജിലേക്ക് വിളിച്ചുവരുത്തിയാണ് ഭീഷണിപ്പെടുത്തിയത്. ശനിയാഴ്ച ഇദ്ദേഹം നല്‍കിയ പരാതിയെ തുടർന്നാണ് മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്.

സ്ത്രീകളില്‍ ഒരാള്‍ പരാതിക്കാരനുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഇയാളെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചുവരുത്തി. ഇരുവരും സംസാരിക്കുന്നതിനിടെ മറ്റ് രണ്ട് സ്ത്രീകളും ഒരു പുരുഷനും മുറിയിലേക്ക് എത്തി. തുടർന്ന് ഇവർ പരാതിക്കാരനെ മർദ്ദിച്ചു. ഇതിന് ശേഷമാണ് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് പരാതിക്കാരനെ ഭീഷണിപ്പെടുത്തിയത്.

പിന്നീട് പ്രതികള്‍ ഇയാളെ കാറില്‍ കയറ്റി കൊണ്ടുപോയി. പോകുന്ന വഴിയില്‍ കയ്യിലുണ്ടായിരുന്ന സ്വർണ മോതിരം വില്‍ക്കാൻ ശ്രമിക്കുകയും എ.ടി.എമ്മില്‍ നിന്ന് പണം പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *