കൂടെ ജോലിചെയ്തുവന്ന യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 30 വർഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ.
തട്ടത്തുമല സ്വദേശി ശിശുപാലനെ (51) യാണ് ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി സ്പെഷ്യല്‍ ജഡ്ജ് സി.ആർ.ബിജുകുമാർ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും ഉത്തരവിലുണ്ട്.
2015 ഏപ്രില്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. അതിജീവിത ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം കശുവണ്ടി ഫാക്ടറിയില്‍ ജോലിനോക്കുമ്ബോഴാണ് പ്രതി പരിചയപ്പെട്ടത്.
തുടർന്ന് വിവാഹവാഗ്ദാനം നല്കി എറണാകുളത്തേക്ക് കൂട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ താമസിപ്പിച്ചു. പൂമാല അണിയിച്ചശേഷം വിവാഹിതയായിയെന്ന് വിശ്വസിപ്പിച്ച് ക്രൂരമായ ശാരീരിക ഉപദ്രവങ്ങള്‍ക്കും ലൈംഗിക അതിക്രമത്തിനും വിധേയയാക്കി എന്നാണ് കേസ്. ലോഡ്ജിലെ റൂം ബോയിയുടെ സഹായത്തോടെ രക്ഷപ്പെട്ട യുവതി ആശുപത്രിയില്‍ ചികിത്സതേടി.
വിവരമറിഞ്ഞ് വീട്ടുകാരെത്തി കൂട്ടിക്കൊണ്ടുപോയശേഷം അതിജീവിത പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കിളിമാനൂർ ഇൻസ്പെക്ടറായിരുന്ന എസ്.ഷാജിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം.മുഹസിൻ ഹാജരായി.