മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടും, പിഴ ഈടാക്കലും ഊര്‍ജ്ജിതമെന്ന് മേയര്‍; ജൂലൈ മാസത്തില്‍ മാത്രം ലഭിച്ചത് 14 ലക്ഷം

നഗരത്തിലെ പൊതുനിരത്തിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടുന്നതിന് വിപുലമായ സംവിധാനമാണ് പ്രവർത്തിക്കുന്നതെന്ന് തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ.

ഇത്തരത്തില്‍ മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്നും ജൂലൈ മാസത്തില്‍ മാത്രം 14,30,610 രൂപ പിഴയീടാക്കിയെന്നും സാമൂഹ്യ മാദ്ധ്യമമായ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ മേയർ വ്യക്തമാക്കി.

“മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് തടയാൻ നഗരസഭ ശക്തമായി മുന്നോട്ട് പോവുകയാണ്. സോണല്‍/സർക്കിള്‍ ഓഫീസുകള്‍ മുഖേനയും ഡേ സ്ക്വാഡ്, നൈറ്റ് സ്ക്വാഡ്, സ്‌പെഷ്യല്‍ സ്ക്വാഡ് എന്നിവ മുഖേന നടക്കുന്ന പരിശോധനകളിലൂടെ പിടികൂടുന്നത് കൂടാതെ പൊതുജനങ്ങള്‍ അവരുടെ മൊബൈല്‍ഫോണ്‍ കാമറകളിലും വീടുകളില്‍ സ്ഥാപിച്ച CCTVകളിലും ഒപ്പിയെടുക്കുന്നവയിലൂടെയും മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടുന്നുണ്ട്,” മേയർ പോസ്റ്റിലൂടെ വിശദമാക്കി.

വീടുകളിലെ പ്ലാസ്റ്റിക് മാലിന്യം ഹരിതകർമ്മ സേനയെ ഏല്‍പ്പിക്കുക, ഭക്ഷണ മാലിന്യങ്ങള്‍ കിച്ചൻബിൻ സംവിധാനത്തിലൂടെ സംസ്കരിക്കുക, വ്യാപാര സ്ഥാപനങ്ങളിലെ ജൈവ/അജൈവ മാലിന്യങ്ങള്‍ നഗരസഭയുടെ അംഗീകാരമുള്ള ഏജൻസികളെ മാത്രം ഏല്‍പ്പിക്കുക എന്നിങ്ങനെ മാലിന്യങ്ങള്‍ സംസ്കരിക്കുവാൻ നഗരസഭ വിവിധങ്ങളായ സംവിധാനങ്ങള്‍ ഒരുക്കി നല്‍കുന്നുണ്ടെന്നും മേയർ പറഞ്ഞു. പൊതുജങ്ങള്‍ക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരുടെ ചിത്രങ്ങള്‍ പകർത്തി നഗരസഭയ്‌ക്ക് അയച്ചുനല്‍കാമെന്ന് അറിയിച്ച മേയർ ഇതിനായി പ്രത്യേക ഫോണ്‍ നമ്ബറും ( 9447377477 ) ഇമെയില്‍ ഐഡിയും ([email protected] ) പോസ്റ്റില്‍ പങ്കുവച്ചു.

കഴിഞ്ഞ മാസം നഗരമദ്ധ്യത്തിലെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണത്തൊഴിലാളിയായ ജോയി മരണപ്പെട്ടിരുന്നു. ഈ സംഭവത്തിനുപിന്നാലെ മാലിന്യ നിർമ്മാർജ്ജനത്തില്‍ നഗരസഭയുടെ കെടുകാര്യസ്ഥത വലിയ തോതില്‍ വിമർശന വിധേയമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *