രണ്ടു മൃതദേഹങ്ങള്‍ ഇന്ന് രാവിലെ കണ്ടെത്തി ; വയനാട് ദുരന്തത്തില്‍ മരണം 294 ആയി

 കേരളക്കരയെയാകെ ദുഖത്തിലാഴ്ത്തിയ മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹം കൂടി ഇന്ന് രാവിലെ കണ്ടെത്തി.

മലപ്പുറത്ത് ചാലിയാര്‍ പുഴയുടെ ഭാഗമായ ചുങ്കത്തറ കൈപ്പിനിയില്‍ നിന്നും ചൂരല്‍മല വെള്ളാര്‍മല സ്‌കൂളിന് സമീപത്ത് നിന്നുമാണ് രണ്ടു മൃതദേഹങ്ങള്‍ കിട്ടിയത്. ഇന്ന് ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ പരിധിയില്‍ തെരച്ചില്‍ നടക്കും.

പോത്തുകല്‍ ഭാഗത്ത് നിന്നും ആറ് കിലോമീറ്റര്‍ അകലെയുളള പ്രദേശത്തെ പുഴയുടെ തീരത്ത് നിന്നായിരുന്നു ആദ്യം മൃതദേഹം കിട്ടിയത്. ഇത് ഒരു സ്ത്രീയുടെ മൃതദേഹമായിരുന്നു. കല്ലുകള്‍ക്കിടയില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. പരിസരവാസികള്‍ അറിയിച്ചതനുസരിച്ച്‌ പൊലീസ് സംഘമടക്കമെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ ചൂരല്‍മല വെള്ളാര്‍മല സ്‌കൂളിന് സമീപത്ത് നിന്നും എന്‍ഡിആര്‍എഫ് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത്. മുതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്.

ഇന്നലെ നടത്തിയ തെരച്ചിലില്‍ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനിയും 206 പേരെ കൂടി കിട്ടാനുണ്ടെന്നാണ് രേഖകള്‍ അനുസരിച്ചുള്ള റിപ്പോര്‍ട്ട്. ചാലിയാര്‍ പുഴയില്‍ ഇന്ന് തെരച്ചില്‍ നടത്തും. പാറക്കെട്ടുകളിലോ മരക്കൊമ്ബുകളിലുമെല്ലാമാണ് പരിശോധന. ഇതുവരെ 105 മൃതദേഹങ്ങളാണ് പോസ്റ്റുമാര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് കൈമാറിയത്. ഇന്നലെ മുതല്‍ പുഞ്ചിരിമട്ടത്തും പരിശോധന നടക്കുന്നുണ്ട്. പുഞ്ചിരിമട്ടത്ത് 40 വീടുകള്‍ തകര്‍ന്നതായിട്ടാണ് വിവരം. ഇവിടെ അനേകര്‍ മണ്ണിനടിയില്‍ പെട്ടിരിക്കാമെന്നാണ് പരിസരവാസികള്‍ പറയുന്നത്.

മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ 40 ടീമുകള്‍ തെരച്ചില്‍ മേഖല 6 സോണുകളായി തിരിച്ചാണ് തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുക. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്‌എസ്‌എസ് വെള്ളാര്‍മല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. സൈന്യം, എന്‍ഡിആര്‍എഫ്, ഡി എസ്ജി, കോസ്റ്റ് ഗാര്‍ഡ്, നേവി, എംഇജി ഉള്‍പ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചില്‍ നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *