കെ.എസ്.ഇ.ബിക്ക് മൂന്നു കോടി രൂപയുടെ നഷ്ടം

ചൂരല്‍മല ടെലിഫോണ്‍ എക്സ്ചേഞ്ച് വരെയും ഉരുള്‍പൊട്ടലിനെ തുടർന്ന് പാലം ഒലിച്ചുപോയ ചൂരല്‍മല ടൗണ്‍ വരെയും വൈദ്യുതി ശൃംഖല പുനർനിർമിച്ച്‌ അവിടങ്ങളില്‍ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചതായി കെ.എസ്.ഇ.ബി അറിയിച്ചു.ബുധനാഴ്ച പുലർച്ചയോടെ ഉരുള്‍പൊട്ടല്‍ കേന്ദ്രത്തില്‍നിന്ന് നാല് കിലോമീറ്റർ വരെയുള്ള പ്രദേശത്ത് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിരുന്നു.പ്രാഥമിക വിവരമനുസരിച്ച്‌ ഏകദേശം മൂന്നു കോടി രൂപയുടെ നഷ്ടമാണ് ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുമാത്രം കെ.എസ്.ഇ.ബിക്കുണ്ടായതായി കണക്കാക്കുന്നത്. മേപ്പാടി ഇലക്‌ട്രിക്കല്‍ സെക്ഷൻ പരിധിയില്‍ വരുന്ന മൂന്നര കിലോമീറ്റർ ഹൈ ടെൻഷൻ (11 കെ.വി) ലൈനുകളും എട്ടു കിലോമീറ്റർ ലോ ടെൻഷൻ ലൈനുകളും പൂർണമായും തകർന്നു. രണ്ടു ട്രാൻസ്ഫോമറുകള്‍ കാണാതാവുകയും ആറു ട്രാൻസ്ഫോമറുകള്‍ നിലംപൊത്തുകയും ചെയ്തു. ആയിരത്തോളം ഉപഭോക്താക്കളുടെ സർവിസ് പൂർണമായും തകർന്നിട്ടുണ്ട്.പ്രാഥമിക ജോലികള്‍ നിർവഹിക്കുന്നതിനും രക്ഷാപ്രവർത്തനത്തിന് വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനും സബ് എൻജിനീയർമാരുടെ നേതൃത്വത്തില്‍ രണ്ട് ടീമുകളെ വാഹനങ്ങള്‍ സഹിതം സ്ഥലത്ത് ത‍യാറാക്കി നിർത്തിയിട്ടുണ്ട്. വൈദ്യുതി പുനഃസ്ഥാപനത്തിന് ആവശ്യമായ കേബിളുകളും ട്രാൻസ്ഫോർമറുകളും അനുബന്ധ സാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലത്ത് പാലവും റോഡുകളും ഒലിച്ചുപോയതിനാലും പ്രാഥമിക രക്ഷാപ്രവർത്തനങ്ങള്‍ നടക്കുന്നതിനാലും അവിടേക്ക് വൈദ്യതി പുനഃസ്ഥാപന ശ്രമങ്ങള്‍ തുടങ്ങാൻ സാധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *