ക്യാംപസുകളുടെ അക്കാദമികവും നിപുണതയുമാർന്ന വിഭവ ശേഷി ഉപയോഗിച്ച് നിലവില്‍ വരുന്ന ക്യാംപസ് ഇൻഡസ്ട്രിയല്‍ പാർക്കുകള്‍ ചരിത്രം സൃഷ്ടിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
തിരുവനന്തപുരത്ത് ക്യാംപസ് ഇൻഡസ്ട്രിയല്‍ പാർക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു മന്ത്രി. അക്കാദമിക ലോകവും തൊഴില്‍ മേഖലയും തമ്മിലുള്ള അന്തരം കുറക്കേണ്ടതുണ്ട്.
പ്രൊഫഷണല്‍ കോളേജുകളെപ്പോലെ ആർട്സ് ആൻഡ് സയൻസ് കോളജുകള്‍ക്കും നവീന ആശയങ്ങള്‍ സാക്ഷാത്ക്കരിക്കാവുന്നതാണ് വിദ്യാർഥികള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായ അക്കാദമിക സഹകരണം ശക്തിപ്പെടുത്തുന്നതിനുമാണ് ക്യാമ്ബസ് ഇൻഡസ്ട്രിയല്‍ പാർക്കുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. വിനിയോഗിക്കാത്ത ഭൂമി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊപ്പം വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. അക്കാദമിക ആവശ്യങ്ങള്‍ക്ക് ശേഷം മിച്ചമുള്ള ഭൂമിയെയാണ് പദ്ധതിയിലേക്ക് ഉള്‍പ്പെടുത്താവുന്നത്.
ആർട്സ് & സയൻസ് കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, പോളിടെക്നിക്കുകള്, ഐടിഐകള്‍, മുതലായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്യാംപസ് ഇൻഡസ്ട്രിയല്‍ പാർക്കുകള്‍ ആരംഭിക്കാം. വ്യവസായ പാർക്ക് വികസിപ്പിക്കാൻ തയ്യാറുള്ള കുറഞ്ഞത് 5 ഏക്കർ ഭൂമിയുള്ളതോ അല്ലെങ്കില്‍ കുറഞ്ഞത് 2 ഏക്കർ ഭൂമി കൈവശം വയ്ക്കുന്ന സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി (SDF) നിർമ്മിക്കാൻ തയ്യാറായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ക്യാമ്ബസ് ഇൻഡസ്ട്രിയല്‍ പാർക്ക് ഡെവലപ്പർ പെർമിറ്റ് ലഭിക്കുന്നതിന് അപേക്ഷിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏല്‍പ്പിച്ച ഭാവി സംരംഭകർക്കും സ്ഥാപനങ്ങള്‍ക്കും ക്യാമ്ബസ് ഇൻഡസ്ട്രിയല്‍ പാർക്കിന്റെ ഡെവലപ്പർമാരാകാം. ക്യാമ്ബസ് ഇൻഡസ്ട്രിയല്‍ പാർക്കിനായി നിർദ്ദേശിച്ചിരിക്കുന്ന ഭൂമി വ്യാവസായിക ഉപയോഗത്തിന് യോഗ്യമായിരിക്കും. ഇത് 2008ലെ കേരള നെല്‍വയല്‍, തണ്ണീർത്തട ഭൂമി സംരക്ഷണ നിയമത്തിന്റെ പരിധിയിലോ പരിസ്ഥിതിലോല പ്രദേശങ്ങളിലോ (ESA) തീരദേശ നിയന്ത്രണ മേഖലയിലോ (CRZ) ഒഴിവാക്കപ്പെട്ട പ്ലാന്റേഷൻ ഏരിയയിലോ ഉള്‍പ്പെടുന്നതാകരുതെന്ന് നിഷ്കർഷിച്ചിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ‘നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്’ സഹിതം വിദ്യാഭ്യാസ സ്ഥാപനം ഓണ്‍ലൈനായി അപേക്ഷിക്കുന്നതാണ് നടപടി ക്രമം. സ്ഥാപനം അല്ലെങ്കില്‍ സ്ഥാപനം ചുമതലപ്പെടുത്തിയ സംരഭകൻ എൻ ഒ സി സഹിതമാണ് അപേക്ഷിക്കേണ്ടത്. പരസ്പരം രൂപീകരിച്ച കരാറും സമർപ്പിക്കണ്ടതുണ്ട്. വൈദ്യുതി, വെള്ളം, റോഡ്, ഡ്രെയിനേജ്, ETP/CETP തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍, ലബോറട്ടറി, ടെസ്റ്റിംഗ്, സർട്ടിഫിക്കേഷൻ സൗകര്യങ്ങള്‍ തുടങ്ങിയ പൊതു സൗകര്യങ്ങള്‍ക്കായി ഒരു പാർക്കിന് നിബന്ധനകള്‍ക്ക് വിധേയമായി 150 ലക്ഷം രൂപ വരെ പരിധിയില്‍, ഏക്കറിന് 20 ലക്ഷം രൂപ വരെ വായ്പയായി നല്‍കും. ഓരോ കാമ്ബസിനും ഇൻഡസ്ട്രിയല്‍ പാർക്കിന് വിൻഡോ ക്ലിയറൻസ് ബോർഡ് രൂപീകരിക്കുകയും അനുമതിക്കുള്ള നടപടി ക്രമങ്ങള്‍ പൂർത്തീകരിക്കുകയും ചെയ്യും.
ഈ വർഷം 25 പാർക്കുകള്‍ക്ക് അനുമതി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. കൂടുതല്‍ മികച്ച വ്യവസായ സംരഭങ്ങള്‍ എത്തുന്ന പക്ഷം അവയ്ക്ക് കൂടി അനുമതി നല്‍കുന്നത് പരിഗണിക്കും. പാർട്ട് ടൈം ജോലിയോടെ പഠനം തുടരുന്ന വിദ്യാർഥികള്‍ക്ക് ബന്ധപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് ഗ്രേസ് മാർക്ക് നല്‍കുന്നത് പരിഗണിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിട്ടുണ്ട്. സംരഭക സമൂഹത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്ന നടപടികളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. നിലവിലുണ്ടായിരുന്ന ചട്ടങ്ങളും നിയമങ്ങളും കാലാനുസൃതമായി പരിഷ്ക്കരിച്ചത് ഇതിന്റെ ഉദാഹരണമാണ്. വ്യവസായ സംരഭങ്ങള്‍ക്കുള്ള അപേക്ഷ സമർപ്പിക്കല്‍ പരാതി പരിഹരിക്കല്‍, അനുമതി നല്കല് എല്ലാം സുതാര്യമായി ഏകജാലക സംവിധാനത്തിലൂടെ പരിശോധിച്ച് അനുമതി നല്കുന്ന രീതി നിലവില്‍ നടപ്പിലാക്കിയതായും മന്ത്രി പറഞ്ഞു. ക്യാംപസ് ഇൻഡസ്ട്രിയല്‍ പാർക്ക് ഓണ്‍ലൈൻ പോർട്ടല്‍ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
ചടങ്ങില്‍ വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് സ്വാഗതമാശംസിച്ചു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. സുധീർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ഷാലിജ് പി.ആർ, കിൻഫ്ര തോമസ് മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി എന്നിവർ ആശംസകളർപ്പിച്ചു. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ കൃതജ്ഞതയറിയിച്ചു.