ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനില്‍ അര്‍ജുനുണ്ടോ? അർജുന് വേണ്ടിയുള്ള തിരച്ചിൽ പത്താം ദിവസത്തിലേക്ക്

ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചില്‍ പത്താം നാളിലേക്ക്. ഇന്നത്തെ ദിവസം ഏറെ നിർണായകമാണ്.

ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനില്‍ അർജുനുണ്ടോയെന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങളാണ് ആദ്യം നടക്കുക.

ഇതിനായി ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടക്കും. റിട്ടയേർഡ് മേജർ ജനറല്‍ ഇന്ദ്രബാല്‍ നമ്ബ്യാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങള്‍ നടക്കുന്നത്.

ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തിയശേഷം ഡൈവർമാർ കാബിനില്‍ അർജുനുണ്ടോയെന്ന് പരിശോധിക്കും. അതിനുശേഷമാകും ലോറിയെ ലോക്ക് ചെയ്ത് പൊക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുക. വൈകുന്നേരത്തോടെ ഓപ്പറേഷൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

ഇന്നലത്തെ തിരച്ചിലില്‍ അർജുൻ ഓടിച്ചിരുന്ന ഭാരത് ബെൻസിന്റെ ട്രക്ക് ഗംഗാവലി നദിയില്‍നിന്ന് കണ്ടെത്തിയിരുന്നു. പുഴയോരത്തുനിന്ന് 20 മീറ്റർ മാറിയാണ് ലോറി കണ്ടെത്തിയത്.

ഒൻപതാം ദിവസം ഡീപ് സെര്‍ച്ച്‌ ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള തിരച്ചിലിലാണ് പുഴയുടെ അടിഭാഗത്തുനിന്ന് ലോറി കണ്ടെത്തിയത്.

ട്രക്ക് നദിയില്‍ തലകീഴായി മറിഞ്ഞ നിലയിലാണ്. കരയില്‍നിന്ന് 20 മീറ്റര്‍ അകലെ നദിയില്‍ 15 മീറ്റര്‍ താഴ്ച്ചയിലാണ് ട്രക്ക് ഉള്ളതെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *