കാറിന് തീപ്പിടിച്ച്‌ പൊള്ളലേറ്റ് മരിച്ചത് കുമളി സ്വദേശി

അറുപത്തിയാറാംമൈലിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ മരിച്ചയാളെ തിരിച്ചറിഞ്ഞു. കുമളി സ്പ്രിങ്വാലി കോഴിക്കോട്ട് വീട്ടില്‍ റോയി സെബാസ്റ്റ്യൻ (64) ആണ് മരിച്ചത്.മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയില്‍.

തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കാർ പാഞ്ഞുകയറിയതിനെത്തുടർന്ന് ഒരു ബൈക്കും തീപിടിച്ച്‌ നശിച്ചു. സീറ്റ് ബെല്‍റ്റിന് തീപിടിച്ചതിനാല്‍ അത് ഊരിമാറ്റി ഇറങ്ങാനാകാതെവന്നതാണ് റോയിയ്ക്ക് ജീവൻ നഷ്ടമാകാൻ ഇടയായതെന്ന് കരുതുന്നു.

കൊട്ടാരക്കര-ദിണ്ഡുക്കല്‍ ദേശീയപാതയില്‍ അറുപത്തിയാറാംമൈല്‍ കുരിശുപള്ളി ഇറക്കം ഇറങ്ങിവരുന്നതിനിടെ കാറില്‍നിന്ന് പുക ഉയരുകയായിരുന്നു. പിന്നില്‍ വന്ന ബൈക്ക് യാത്രികൻ കാറിനെ മറികടന്നിട്ട്, ഡ്രൈവറോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇതിനിടയില്‍ കാറിനുള്ളില്‍ അതിവേഗം തീ പടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടു. മുന്നില്‍ നിർത്തിയിട്ടിരുന്ന ബൈക്കിലേക്ക് കാർ പാഞ്ഞുവന്നതോടെ ബൈക്ക് യാത്രക്കാരൻ ഓടിമാറി. കാർ ബൈക്കിന് മുകളിലൂടെ കയറി നിന്നു.

ഇതുവഴി വന്ന യാത്രക്കാർ കാറിനുള്ളിലുണ്ടായിരുന്നയാളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നതിനാല്‍ വേഗത്തില്‍ പുറത്തേക്ക് ഇറക്കാൻ കഴിഞ്ഞില്ല. ഇതിനിടയില്‍ തീ ആളിക്കത്തി ശരീരം മുഴുവൻ പടർന്നിരുന്നു. കാറും ബൈക്കും പൂർണമായും കത്തിനശിച്ചു. പീരുമേട്ടില്‍നിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊട്ടാരക്കര-ദിണ്ഡുക്കല്‍ ദേശീയപാതയില്‍ ഒന്നരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *