ഫ്രഞ്ച് ഡിഫൻഡർ വരാനെയെ സീരി ക്ലബായ കോമോ സ്വന്തമാക്കി. റാഫേല്‍ വരാനെ ക്ലബ് നല്കിയ ഓഫർ സ്വീകരിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.
മുൻ സ്പാനിഷ് താരം ഫാബ്രിഗാസിനും മുൻ ഫ്രഞ്ച് താരം തിയറി ഒൻറിക്കും ഓഹരിയുള്ള ക്ലബാണ് കോമോ. കഴിഞ്ഞ ദിവസം അവർ ഫാബ്രിഗാസിനെ പരിശീലകനായി നിയമിച്ചിരുന്നു. നേരത്തെ ഇന്റർ മയാമിയും വരാനെക്ക് ആയി അന്വേഷണങ്ങള്‍ നടത്തിയിരുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് ആയിരുന്ന വരാനെ സീസണ് അവസാനത്തോടെ ക്ലബ് വിട്ടിരുന്നു. അവസാന രണ്ട് സീസണായി യുണൈറ്റഡിനൊപ്പം ആയിരുന്നു വരാനെ. വരാനെയെ തേടി സൗദി അറേബ്യൻ ക്ലബുകളും ഇപ്പോള്‍ രംഗത്ത് ഉണ്ട് എങ്കിലും താരം സൗദിയില്‍ നിന്നുള്ള ഓഫറുകള്‍ നിരസിക്കുക ആയിരുന്നു.
2026വരെയുള്ള കരാർ ആണ് വരാനെ കോമോയില്‍ ഒപ്പുവെക്കുക. ഒരു വർഷം കൂടെ കരാർ നീട്ടാനുള്ള വ്യവസ്ഥയും കരാറില്‍ ഉണ്ടാകും.