ഉത്തരകന്നഡയിലെ അങ്കോലയ്‌ക്ക് അടുത്ത് മാള ഇടിഞ്ഞ് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനുവേണ്ടി ഏഴാംദിനവും തിരച്ചില്‍ തുടരുമ്ബോള്‍ വേദനയോടെ കുടുംബം.
രക്ഷാപ്രവര്‍ത്തനത്തില്‍ തങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും ഇനി ഏത് അവസ്ഥയിലാണ് അര്‍ജുനെ തിരികെ കിട്ടുകയെന്ന് അറിയില്ലെന്നും സഹോദരി അഞ്ജു മാധ്യമങ്ങളോട് പ്രതികരിച്ചു.
അവനെപ്പറ്റി ഒരു ചെറിയ തുമ്ബെങ്കിലും കിട്ടണം. തിരച്ചിലില്‍ ചെറിയ വിട്ടുവീഴ്ച വന്നാല്‍ എല്ലാം നഷ്ടപ്പെടും. അവന്‍ ജീവനോടെ ഇല്ലെങ്കിലും തങ്ങളുടെ ഈ നീണ്ട കാത്തിരിപ്പിനൊരു ഉത്തരം വേണമല്ലോയെന്നും അഞ്ജു പറഞ്ഞു.
ഇനി അവനെ കാണാന്‍ പറ്റുമോയെന്നും അവനെ ഏത് അവസ്ഥയിലാണ് കിട്ടുകയെന്നും അറിയില്ല. ഏതായാലും അവര്‍ ഇത്രയുംദിവസം അവിടെനിന്ന് ഏറെ ബുദ്ധിമുട്ടി. മാധ്യമങ്ങള്‍ ഉള്‍പ്പടെ എല്ലാവരും പ്രയത്‌നിച്ചു. അവനെക്കുറിച്ച് ഒരുചെറിയ തുമ്ബെങ്കിലും ലഭിക്കണം. അത് ലഭിക്കാതെ അവിടെനില്‍ക്കുന്നവര്‍ തിരികെവരില്ലെന്നാണ് പറയുന്നത്.
ആരെയും ഞങ്ങള്‍ കുറ്റപ്പെടുത്താനില്ല. രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗതയിലൊന്നും വിശ്വാസമില്ല. മാധ്യമങ്ങളുടെ ഉള്‍പ്പടെയുള്ള ഇടപെടല്‍ കൊണ്ടാണ് എല്ലാസന്നാഹങ്ങളും അവിടെ എത്തിയത്. മാധ്യമങ്ങളുടെ പിന്തുണ ഇനിയും വേണം. തിരച്ചിലില്‍ ചെറിയ വിട്ടുവീഴ്ച വന്നാല്‍ എല്ലാം നഷ്ടപ്പെടും. ലോറി അവിടെയുണ്ട്. വെള്ളത്തിലും കരയിലും തിരച്ചില്‍ നടത്തണമെന്നും സഹോദരി പറഞ്ഞു.