രക്ഷാപ്രവര്‍ത്തനം ഏഴാം ദിവസവും തുടരുമ്ബോള്‍ ഷിരൂരില്‍ കാണാതായ അര്‍ജുനും ലോറിയും പുഴയില്‍ ഉണ്ടാകുമോ എന്നും സംശയം.
പാതയ്ക്ക സമീപമുള്ള ഗംഗാവലിപ്പുഴയിലെ മണ്‍കൂനയില്‍ ലോറി ഉണ്ടായിരുന്നോ എന്ന സംശയവും ഉയര്‍ന്നിരിക്കുകയാണ്. വാഹനം പുഴയിലുണ്ടാകാനാണ് സാധ്യതയെന്നും അവ്യക്തമായ ചില സിഗ്നല്‍ കിട്ടുന്നതായും അത് എന്തെന്ന്് ഉറപ്പിക്കണമെന്നും ഉത്തരകന്നഡ ജില്ലാകളക്ടര്‍ ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പറഞ്ഞു. കരയിലും വെള്ളത്തിലുമായി തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.
ഗംഗാവലി പുഴയില്‍ സ്‌കൂബാ ഡൈവേഴ്‌സ് തെരച്ചില്‍ നടത്തുകയാണ്. മണ്ണു വീണഭാഗത്താണ് തെരച്ചില്‍ നടത്തുന്നത്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തു നിന്നും പുറത്തേക്ക് ലോറി പോയിട്ടില്ലെന്നും പറയുന്നു. മണ്ണിടിച്ചിലിന് പത്തു മിനിറ്റ് മുമ്ബുള്ള കരയിലെ ദൃശ്യങ്ങള്‍ ലഭിക്കുമെന്നും നദിക്കരയില്‍ ഉണ്ടായിരുന്ന വാഹനങ്ങള്‍ ഏതൊക്കെയായിരുന്നു എന്ന് ഇതില്‍ നിന്നും വിവരം ലഭിക്കും. ഡീപ്് സെര്‍ച്ച് മെറ്റല്‍ ഡിറ്റക്ടര്‍ ഉടന്‍ എത്തിക്കും. ഇത് ഉപയോഗിച്ച് കരയില്‍ തെരച്ചില്‍ നടത്തും. നാവിക സേന അവരുടെ ഉപകരണങ്ങള്‍ ഉപയോഗിച്ച് വെള്ളത്തിലും തെരയും. സാധാരണ ഈ റൂട്ടില്‍ സഞ്ചരിക്കുന്ന ദീര്‍ഘദൂരഭാരവാഹനങ്ങള്‍ ഇവിടെ നിര്‍ത്തി ചായകുടിക്കുകയും കുളിക്കാനിറങ്ങുന്നതുമെല്ലാം പതിവാണ്. അര്‍ജുന്‍ പതിവായി പോകുന്ന റൂട്ടുകളില്‍ ഒന്നുമാണ് ഇത്.
നേരത്തേ മണ്ണിടിച്ചിലിനൊപ്പം ഇവിടുത്തെ ചായക്കടയും ഒലിച്ചു പോയിരുന്നു. ചായക്കട ഉടമയും ഭാര്യയും രണ്ടു മക്കളും മരിച്ചിരുന്നു. കുന്നിന്റെ ഒഴിഞ്ഞ സ്ഥലത്താണ് സാധാരണ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാറ്. 150 അടി മണ്ണ് ഇടിഞ്ഞു നിരങ്ങി വന്നപ്പോള്‍ ലോറിയും മണ്ണിനൊപ്പം പുഴയിലേക്ക് വീണിരിക്കാമെന്ന സാധ്യത പരിശോധിക്കുന്നുണ്ട്. വലിയരീതിയില്‍ മണ്ണ് പുഴയിലേക്ക് ഇടിഞ്ഞുവീണപ്പോള്‍ ലോറിയും അടിയില്‍ പെട്ടിരിക്കാമെന്നാണ് കരുതുന്നത്. 25 അടിയെങ്കിലും പുഴയ്ക്ക് താഴ്ചയുണ്ട്. ഉയര്‍ന്നു നില്‍ക്കുന്ന മണ്‍കൂന പരിശോധിച്ചാല്‍ 30 അടിയെങ്കിലും താഴ്ചയുണ്ടാകും. പുഴയിലെ പരിശോധനയ്ക്ക് നാവികസേനയുടെ പുതിയ ഉപകരണങ്ങള്‍ കൊണ്ടുവരുമെന്നാണ് കരുതുന്നത്.
ഒരു വര്‍ഷം മുമ്ബാണ് അര്‍ജുന്‍ ഓടിച്ച കര്‍ണാടകാ റജിസ്‌ട്രേഷനിലുള്ള ലോറി ഉടമ കോഴിക്കോട് കാരന്‍ മുജീബ് വാങ്ങിയത്. എയര്‍ കണ്ടീഷന്‍ഡ് ഡ്രൈവിംഗ് ക്യാബിനുള്ള ലോറിയാണിത്. ജൂലൈ 16 നാണ് അര്‍ജുനെ കാണാതാകുന്നത്. തെരച്ചില്‍ ഏഴാം ദിവസവും തുടരുകയാണ്. ഐഎസ്‌ആര്‍ഒ യുടെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും തെരച്ചില്‍ കേന്ദ്രത്തിന്റെ ഉത്തരവാദിത്വവുമാണെന്നാണ് കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയുടെ പ്രതികരണം.