തീവ്രവാദികള്‍ക്കെതിരെ ശക്തമായി പോരാടുന്നതിനുവേണ്ടി ജമ്മുവില്‍ 3000 സൈനികരെ കൂടി അധികമായി വിന്യസിച്ചു.
ജമ്മു മേഖലയിലെ പിർ പഞ്ചലിലേക്കാണ് 3000 സൈനികരെ വിന്യസിച്ചിട്ടുണ്ട്. പാരാ സ്‌പെഷ്യല്‍ ഫോഴ്‌സ് അംഗങ്ങളെ ഉള്‍പ്പെടെയാണ് മേഖലയിലേക്ക് വിന്യസിച്ചിരിക്കുന്നത്. സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി ഇന്ന് കശ്മീർ സന്ദർശിക്കും.
കശ്മീരിലെ ഭീകര വിരുദ്ധ ഓപ്പറേഷൻ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സൈനികരെ അധികമായി വിന്യസിച്ചത്. സിഎപിഎഫുകളില്‍ നിന്നും കൂടുതല്‍ സൈനികരെ ഇവിടേക്ക് എത്തിക്കുമെന്നാണ് വിവരം. കശ്മീരിനെ അപേക്ഷിച്ച് ജമ്മു മേഖലയിലേക്ക് പാക് അതിർത്തിക്ക് അപ്പുറത്ത് നിന്നുള്ള ഭീകരർ നുഴഞ്ഞു കയറിയിരിക്കുന്നത്. ഭീകരരെ കണ്ടെത്തി ഇല്ലാതാക്കുന്നതിനായി കശ്മീർ പോലീസും സൈന്യവും സംയുക്തമായാണ് തിരച്ചില്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.
വനങ്ങളുള്ള മലയോര ഭൂപ്രദേശമായതിനാല്‍ ഭീകരർ പലപ്പോഴും മുകള്‍ഭാഗത്തേക്ക് കടന്ന് സുരക്ഷിതതാവളം തേടുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അത്യാധുനിക സംവിധാനങ്ങളും ആയുധങ്ങളുമാണ് ഇവരുടെ കൈവശം ഉള്ളത്. കൃത്യമായ പരിശീലനം ലഭിച്ച തീവ്രവാദികളാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. സിഗ്നല്‍ ഇന്റലിജൻസിന്റെ അഭാവം സുരക്ഷാ സേനയ്‌ക്ക് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. വനമേഖല ആയതുകൊണ്ട് തന്നെ തിരച്ചിലിനായി പ്രദേശവാസികളുടെ കൂടെ സഹായവും സൈന്യം തേടിയിട്ടുണ്ട്. പ്രദേശത്തിന്റെ ഭൂപ്രകൃതിയെ കുറിച്ച് കൃത്യമായ ധാരണ ഇവർക്കുണ്ട്. ഇത് മനസിലാക്കിയാണ് ഭീകര വിരുദ്ധ ഓപ്പറേഷനില്‍ ഇവരുടെ കൂടി സഹായം സൈന്യം തേടിയിരിക്കുന്നത്.