ഗോവ തീരത്ത് ചരക്കുകപ്പലില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. എം.വി മാർസ്ക് ഫ്രാങ്ക്ഫർട്ട് കപ്പലിലാണ് തീപിടിത്തമുണ്ടായത്.
അപകടത്തില്‍ ഒരാള്‍ മരിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവമെന്നാണ് ഷിപ്പിങ് മന്ത്രാലയം അറിയിക്കുന്നത്. തീ ഇപ്പോഴും പൂർണമായും നിയന്ത്രണവിധേയമാക്കാനായിട്ടില്ല.
ഫിലിപ്പിനോ പൗരനാണ് അപകടത്തില്‍ മരിച്ചതെന്നാണ് വിവരം. 21 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ ഫിലിപ്പീൻസിന് പുറമേ മോണ്ടിനീഗ്രൻ, യുക്രെയ്ൻ പൗരൻമാരുമുണ്ട്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് ചരക്കിറക്കിയതിന് ശേഷം കൊളംബോയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം.
2024ല്‍ കമീഷൻ ചെയ്ത കപ്പലാണ് അപകടത്തില്‍പ്പെട്ടത്. തീപിടത്തത്തിന് സാധ്യതയുള്ള വസ്തുക്കളാണ് കപ്പലിലുണ്ടായിരുന്നതെന്നാണ് നിഗമനം. തീപിടിത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നാലെ കപ്പലിന്റെ മുൻ ഭാഗത്ത് നിന്നും പൊട്ടിത്തെറിയുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
തീപിടിത്തത്തിന് പിന്നാലെ ഗോവയില്‍ നിന്നുള്ള നാവികസേനയും കോസ്റ്റ്ഗാർഡുമാണ് രക്ഷാപ്രവർത്തനത്തിനായി ആദ്യമിറങ്ങിയത്. കപ്പലിലെ അഗ്നിശമസേന ഉപകരണങ്ങള്‍ ഉപയോഗിച്ച് ജീവനക്കാർ തീകെടുത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. കപ്പലിലെ 160 കണ്ടെയ്നറുകളില്‍ 20 എണ്ണത്തേയും തീപിടിത്തം ബാധിച്ചുവെന്നാണ് റിപ്പോർട്ട്.