കനത്ത മഴയും റോഡുകളില്‍ വെള്ളക്കെട്ടും കാരണം ആശുപത്രിയില്‍ എത്താൻ വൈകിയ രോഗി മരിച്ചു. പെരിങ്ങര പഞ്ചായത്ത് പതിമൂന്നാം വാർഡിലെ ഗണപതിപുരം ആര്യഭവനില്‍ പ്രസന്നകുമാർ (69) നെഞ്ചുവേദനയെ തുടർന്ന് മരിച്ചു.വ്യാഴാഴ്‌ച രാത്രി 10.30ഓടെയാണ് പ്രസന്നകുമാറിന് നെഞ്ചുവേദന അനുഭവപ്പെട്ടത്.
ഇയാളുടെ വീടിന് സമീപത്തെ പെരിങ്ങര-കാവുംഭാഗം റോഡിലും വൈക്കത്തില്‍ലം റോഡിലും ചാത്തങ്കരി റോഡിലും വെള്ളക്കെട്ടുണ്ടായി. വാഹനം നീങ്ങാത്തതിനെ തുടർന്ന് അയല്‍പക്കത്തുള്ള നാല് പേർ ചേർന്ന് ഇയാളെ മെയിൻ റോഡിലെത്തിച്ച ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍. ഭാര്യ: പരേതയായ വത്സല പ്രസന്നൻ. മക്കള്‍: മായ ശ്രീകുമാർ, ആര്യ ബിജു. മരുമക്കള്‍: ശ്രീകുമാർ, ബിജു. കഴിഞ്ഞ ദിവസം മേപ്രാലില്‍ വെള്ളക്കെട്ടുള്ള ഭാഗത്തേക്ക് വീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചിരുന്നു.