കർണാടക അങ്കോലയിലെ മണ്ണിടിച്ചിലില്‍പ്പെട്ടെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള ഇന്നത്തെ തെരച്ചില്‍ രാവിലെയോടെ ആരംഭിച്ചു.
ജിപിഎസ് പോയിന്റ് കേന്ദ്രീകരിച്ച് ഇന്ന് റഡാറിന്റെ സഹായത്തോടെയാകും തെരച്ചില്‍ നടത്തുക. രാവിലെ റഡാർ സംവിധാനം എത്തിക്കും. എസ്ഡിആർഎഫിന്റെ രണ്ട് സംഘങ്ങള്‍ എത്തിയാണ് തെരച്ചില്‍ നടത്തുന്നത്. പ്രദേശത്ത് മഴ പെയ്യുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട് എന്നാണ് റിപ്പോർട്ടുകള്‍.
വളരെ ആഴത്തിലുള്ള വസ്തുക്കള്‍ വരെ കണ്ടെത്താൻ കഴിയുന്ന റഡാർ ആണ് കൊണ്ടു വരുന്നത്. റഡാർ വഴി കൃത്യം ലോറി കണ്ടെത്താൻ കഴിഞ്ഞാല്‍ ആ ദിശ നോക്കി മണ്ണെടുപ്പ് നടത്തും. കഴിഞ്ഞ നാലു ദിവസങ്ങളിലായി അർജുൻ ലോറിയുള്‍പ്പെടെ മണ്ണിനടിയിലാണുള്ളത്. കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് അധികൃതർ അറിയിച്ചിരുന്നു.