ലോകമെമ്ബാടുമുള്ള ഗുരുതരമായ ആരോഗ്യ സംരക്ഷണ വിടവുകള്‍ നികത്താന്‍ ലക്ഷ്യമിട്ട് ഒരു ദശാബ്ദത്തിനുള്ളില്‍ പത്ത് ആശുപത്രികള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി യു എ ഇ അവതരിപ്പിച്ചു.ഈ വര്‍ഷം മാര്‍ച്ചില്‍ യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ച സായിദ് ഹ്യുമാനിറ്റേറിയന്‍ ലെഗസി ഇനിഷ്യേറ്റീവിന്റെ ഭാഗമാണ് ഈ സംരംഭം.അടുത്ത ദശകത്തില്‍ ഏകദേശം 550 മില്യണ്‍ ദിര്‍ഹത്തിന്റെ നിക്ഷേപത്തോടെ, യു എ ഇ ഗ്ലോബല്‍ ഹോസ്പിറ്റല്‍സ് പ്രോഗ്രാം പത്ത് ആശുപത്രികളുടെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കും. അവ ഓരോന്നും താഴ്ന്ന സമൂഹങ്ങളുടെ പ്രത്യേക ആരോഗ്യ സംരക്ഷണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നവയാണ്.ഇന്തോനേഷ്യയിലെ സെന്‍ട്രല്‍ ജാവയിലെ സുരക്കാര്‍ത്തയില്‍ നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന ഹൃദയ രോഗങ്ങള്‍ക്കുള്ള ആശുപത്രിയാണ് ആദ്യം ഉദ്ഘാടനം ചെയ്യുന്നത്. 2024 അവസാന പാദത്തില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ ആശുപത്രി ഹൃദ്രോഗ രോഗികള്‍ക്ക് സുപ്രധാന സേവനങ്ങള്‍ നല്‍കും. ഇന്തോനേഷ്യയില്‍ ഹൃദ്രോഗങ്ങള്‍ മരണത്തിനും വൈകല്യത്തിനും ഒരു പ്രധാന കാരണമാണ് എന്നത് പരിഗണിച്ചാണ് ആശുപത്രി പണിയുന്നത്.