ഫ്രാൻസിന്റെ കൗമാരക്കാരനായ ഡിഫൻഡർ ലെനി യോരൊ മാഞ്ചസ്റ്റർ യുനൈറ്റഡില്‍. താരത്തിനായി ശക്തമായി രംഗത്തുണ്ടായിരുന്ന റയല്‍ മാഡ്രിഡിന്റെയും പാരിസ് സെന്റ് ജെർമെയ്നിന്റെയും (പി.എസ്.ജി) വെല്ലുവിളി 62 ദശലക്ഷം യൂറോയും എട്ട് കോടിയുടെ മറ്റു ആനുകൂല്യങ്ങളും നല്‍കാൻ തയാറായാണ് യുനൈറ്റഡ് മറികടന്നത്.ഫ്രഞ്ച് ക്ലബ് ലില്ലെയില്‍നിന്ന് അഞ്ച് വർഷത്തെ കരാറിലാണ് 18കാരൻ ഓള്‍ഡ് ട്രാഫോഡില്‍ എത്തുന്നത്. ലിവർപൂളിനും താരത്തില്‍ താല്‍പര്യമുണ്ടായിരുന്നു.16ാം വയസ്സിലാണ് യോരോ ലില്ലെക്കായി ആദ്യ മത്സരത്തിനിറങ്ങിയത്. കഴിഞ്ഞ സീസണില്‍ 32 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരം ഫ്രഞ്ച് ലീഗില്‍ ടീമിനെ നാലാമതെത്തിക്കുന്നതില്‍ നിർണായക പങ്ക് വഹിക്കുകയും രണ്ട് ഗോളുകള്‍ നേടുകയും ചെയ്തിരുന്നു.