മുണ്ട് ധരിച്ചെത്തിയ കര്‍ഷകന് പ്രവേശനം നിഷേധിച്ച ബാംഗ്ലൂരിലെ ജിടി മാള്‍ അധികൃതർ അടച്ചുപൂട്ടി. വിഷയം വ്യാഴാഴ്ച നിയമസഭയില്‍ എത്തിയതിന് പിന്നാലെയാണ് നടപടി.ജിടി മാള്‍ 1.78 കോടി രൂപ വസ്തു നികുതി നല്‍കാനുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ആണ് നടപടി സ്വീകരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ബിബിഎംപി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മാള്‍ സീല്‍ ചെയ്തത്.നേരത്തെ നോട്ടീസ് നല്‍കിയിട്ടും പണം അടക്കാത്തതുകൊണ്ടാണ് മാള്‍ അടച്ചുപൂട്ടാൻ തീരുമാനമെടുത്തതെന്ന് ബിബിഎംപി ഉദ്യോഗസ്ഥൻ അറിയിച്ചു. മാളിന്റെ നികുതി പിരിച്ചെടുക്കുന്നതില്‍ വീഴ്ച വരുത്തിയ സിവില്‍ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുമെന്ന് മുതിർന്ന റവന്യൂ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കർഷകന് പ്രവേശനം നിഷേധിച്ച സംഭവത്തില്‍ മാളിന്റെ ഉടമയ്ക്കും സുരക്ഷാ ജീവനക്കാരനുമെതിരെ ഭാരതീയ ന്യായ സൻഹിത (ബിഎൻഎസ്) സെക്ഷൻ 126 (2) പ്രകാരം കേസ് എടുത്തിട്ടുണ്ട്.അതേസമയം മാളില്‍ കർഷകൻ അപമാനം നേരിട്ടതില്‍ ഖേദം പ്രകടിപ്പിച്ച മാള്‍ അധികൃതർ രംഗത്തെത്തി. ഒരാഴ്ചത്തേക്ക് മാള്‍ അടച്ചിടുകയാണെന്ന് അവർ അറിയിച്ചു. മാളില്‍ മകനെയും വയോധികനെയും സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞുനിറുത്തുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിനെതിരേ വലിയ പ്രതിഷേധമാണ് ഉയർന്നുവന്നത്. കന്നഡ സിനിമയില്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന മകൻ നാഗരാജിനെ കാണാനാണ് ഫക്കീരപ്പ ബെംഗളൂരുവില്‍ എത്തിയത്. പിന്നീട് നാഗരാജ് അച്‌ഛനോടൊപ്പം സിനിമ കാണാൻ ജിടി മാളിലേക്ക് പോകുകയായിരുന്നു. എന്നാല്‍ മാളിനുള്ളില്‍ മുണ്ട് ധരിച്ച് പ്രവേശനം അനുവദിക്കാനാവില്ലെന്നും പാന്റ് ധരിച്ചെത്തണമെന്നും സെക്യൂരിറ്റി ജീവനക്കാർ 70 കാരനായ ഫക്കീരപ്പയോട് ആവശ്യപ്പെട്ടു.