രോഗ ബാധ; ഹൈറേഞ്ചില്‍ വിളകള്‍ നശിക്കുന്നു

കാലവര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കാര്‍ഷികവിളകള്‍ രോഗ ബാധയാല്‍ നശിക്കുന്നു. കുരുമുളക്, ഏലം, കൊക്കോ, കാപ്പി മുതലായ കൃഷികളാണ് ശക്തമായ മഴയില്‍ നാശം നേരിടുന്നത്.കുരുമുളക് കൃഷിയില്‍ കുമിള്‍രോഗങ്ങളും വൈറസ് ബാധയും കൃഷി മേഖലയെ കാര്‍ന്നുതിന്നുന്നത്. വേനല്‍ മഴക്ക് തിരിയിട്ട കുരുമുളക് ശക്തമായ മഴയില്‍ വ്യാപകമായി കൊഴിയുകയാണ്. പന്നിയൂര്‍ ഉള്‍പ്പെടെ മുന്തിയ ഇനം കുരുമുളകു ചെടികളില്‍ വൈറസ് ബാധയെ തുടര്‍ന്ന് വേരഴുകലും തിരിപൊഴിച്ചിലും വ്യാപകമാണ്.കനത്ത മഴയില്‍ അഴുകി ഏലച്ചെടികള്‍ക്കും വ്യാപക നാശമുണ്ട്. ഉടുമ്ബന്‍ചോല, പീരുമേട്, ദേവികുളം താലൂക്കുകളിലാണ് ഇവ കൂടുതലായി നശിച്ചത്. കാപ്പി, കൊക്കോ കൃഷികളും കായപിടിക്കാതെ നശിക്കുന്നു. മാംഗോസ്റ്റിന്‍, റംബൂട്ടാന്‍, സ്‌ട്രോബറി തുടങ്ങിയ പഴവര്‍ഗങ്ങളും പുറമേ പച്ചക്കറികളും അഴുകല്‍ രോഗത്തിന്റെ പിടിയിലാണ്. ശീതകാല പച്ചക്കറി കൃഷിയുടെ കേന്ദ്രമായ വട്ടവടയിലും മഴ വ്യാപക നാശമാണ് ഉണ്ടാക്കിയത്.കാബേജ്, ഉരുളകിഴങ്ങ്, ക്യാരറ്റ്, ഇഞ്ചി, മരച്ചീനി തുടങ്ങിയ കൃഷിയിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഇവ അഴുകാനും കാരണമാകുന്നു. കൊക്കോ, കാപ്പി എന്നിവക്ക് കറുത്തഴുകല്‍, ഞെട്ടഴുകല്‍, കായ പൊഴിച്ചില്‍ തുടങ്ങിയവയാണ് ബാധിച്ചത്. കായ്കള്‍ മൂപ്പെത്തും മുമ്ബ് കറുപ്പ് നിറം ബാധിച്ച്‌ കൊഴിയുന്നതും വ്യാപകമായിട്ടുണ്ട്.ഫൈറ്റോഫ്‌തോറ, പാല്‍മിവോറ കുമിളുകളാണ് ഈ രോഗത്തിന് കാരണമെന്നും സൂര്യപ്രകാശത്തിന്റെ കുറവും തുടര്‍ച്ചയായുള്ള മഴയുമാണ് രോഗം വ്യാപിക്കാനിടയാക്കുന്നതെന്ന് കൃഷി വിദഗ്ധര്‍ പറയുന്നു. മഴമൂലം രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് മരുന്ന് തളിക്കലും സാധ്യമല്ല. അടിമാലി, കൊന്നത്തടി, രാജാക്കാട്, വാത്തിക്കുടി, മാങ്കുളം പഞ്ചായത്തുകളില്‍ ഏത്തവാഴ, പാവല്‍ തുടങ്ങിയവയും നശിച്ചു.ഓണവിപണി ലക്ഷ്യമാക്കി വ്യാപകമായി ഏത്തവാഴ കൃഷിയിറക്കിയിരിക്കുന്നു. ഇതോടെ ഇത്തരം ഉല്‍പന്നങ്ങളുടെ വിലയും ഉയര്‍ന്ന് തുടങ്ങി.മഴമൂലം പുഴുക്കേടുകളാലും കുമിള്‍രോഗങ്ങള്‍ മൂലവും തെങ്ങിന്റെ മച്ചിങ്ങ കൊഴിയുന്നതും വ്യാപകമാണ്. റംബൂട്ടാന്‍, മാംഗോസ്റ്റിന്‍ തുടങ്ങിയവയില്‍ ഈ വര്‍ഷം നല്ല കായ്പിടുത്തം ഉണ്ടായിരുന്നെങ്കിലും തുടര്‍ച്ചയായ മഴയില്‍ മരത്തില്‍ ഒരു ഫലംപോലും ബാക്കിയില്ലാതെ കൊഴിഞ്ഞുവീഴുകയാണ്. അടയ്ക്ക കൊഴിയാതിരിക്കാന്‍ മഴയ്ക്ക് മുമ്ബ് കോപ്പര്‍ ഓക്‌സി ക്ലോറൈഡ്, ബോര്‍ഡോ മിശ്രിതം എന്നിവ സ്‌പ്രേ ചെയ്തിരുന്നെങ്കിലും കൊഴിച്ചിലിന് കുറവില്ല. ഇതിന് എല്ലാം പുറമേ വെള്ളം കയറി കൃഷി നശിച്ചവരും ജില്ലയില്‍ ഏറെയാണ്. രോഗവും കൃഷിനാശവും കൃഷി മേഖലയായ ജില്ലയുടെ നട്ടെല്ല് തകര്‍ക്കുന്ന അവസ്ഥയിലെത്തിച്ചെന്ന് കര്‍ഷകര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *