തുടർച്ചയായി അഞ്ചാം ദിവസവും ഹൈറേഞ്ചില്‍ കനത്ത മഴ തുടർന്നതോടെ ഹൈ റേഞ്ച് ഉരുള്‍ പൊട്ടല്‍ ഭീതിയിലായി.മലയോര മേഖലയില്‍ ഉയർന്ന പ്രദേശത്തു താമസിക്കുന്ന ആളുകളാണ് ഏറെ ഭീതിയിലായത്. തുടർച്ചയായ മഴയെ തുടർന്ന് എല്ലായിടത്തും കര ഉറവ രൂപപ്പെടുകയും മണ്ണിന്റെ ഉറപ്പ് കുറയുകയും ചെയ്തിട്ടുണ്ട്. ശക്തമായ മഴയില്‍ ഇരട്ടയാർ ജലാശയത്തിലേക്ക് ടണ്‍ കണക്കിന് മാലിന്യങ്ങള്‍ ഒഴുകിയെത്തി. ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ മാലിന്യങ്ങള്‍ നീക്കാൻ നടപടി തുടങ്ങി. കല്ലാർ, ഇരട്ടയാർ അടക്കമുള്ള നദികളില്‍ നിന്നുള്ള മാലിനിങ്ങളാണ് ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലും ഇരട്ടയാർ ഡാമില്‍ ഒഴുകി എത്തിയത്. പ്ലാസ്റ്റിക് അടക്കം മാലിന്യങ്ങള്‍ ഡാമില്‍ നിറഞ്ഞ് ഇടുക്കി ജലാശ യത്തിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെടുമെന്ന് വന്നതോടെയാണ് മാലിന്യം നീക്കാൻ നടപടി സ്വീകരിച്ചത്.ഡാം സേഫ്റ്റി അതോറിറ്റിയാണ് ഡാമിലെ മാലിന്യങ്ങള്‍ നീക്കം ചേയ്യേണ്ടത്. എന്നാല്‍ ജനങ്ങളുടെ ആരോഗ്യ സുരക്ഷയെ കരുതിയാണ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് മാലിന്യം നീക്കുന്നതെന്ന് പ്രസിഡന്‍റ് ജിഷ ഷാജി പറഞ്ഞു. ഹരിത കർമസേനയുടെയും മത്സ്യബന്ധനം നടത്തുന്ന വള്ളക്കാരുടെയും സഹായത്തോടെയാണ് മാലിന്യങ്ങള്‍ നീക്കുന്നത്.ഇടുക്കിയിലേക്ക് ഇരട്ടയാറില്‍ നിന്നുള്ള ഒഴുക്ക് തടസ്സപ്പെടുമെന്ന് വന്നതോടെ ഡാം സേഫ്റ്റി അതോറിറ്റിയുടെ നേതൃത്വത്തിലും മാലിന്യം നീക്കിത്തുടങ്ങി. കട്ടപ്പന – പുളിയന്മല സംസ്‌ഥാന പാതയില്‍ മരം വീണു ഗതാഗതം തടസ്സപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ ഉണ്ടായ ശക്തമായ കാറ്റില്‍ പുളിയൻമല ഹില്‍ ടോപ്പില്‍ റോഡരുകില്‍ നിന്ന മരം ഒടിഞ്ഞ് വീഴുകയായിരുന്നു.