കാലവര്‍ഷക്കെടുതിയില്‍ മരം വീണ് മരണമടഞ്ഞ ഉനൈസിന്റെയും മതില് ഇടിഞ്ഞുവീണ് മരണപ്പെട്ട ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥി അല്ഫയാസിന്റെയും കുടുംബങ്ങള്‍ക്ക് പരമാവധി നഷ്ടപരിഹാരം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി.വേണുഗോപാല്‍ എംപി മുഖ്യമന്ത്രിക്ക് കത്തുനല്‍കി.രണ്ടു കുടുംബങ്ങളുടെ പ്രതീക്ഷയായിരുന്നവരാണ് അപ്രതീക്ഷിതമായി ഉണ്ടായ അപടകങ്ങളില്‍പ്പെട്ട് ജീവന് പൊലിഞ്ഞത്.സ്വന്തമായി സ്ഥലമോ വീടോയില്ലാതെ കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നവരാണ് ഉനൈസിന്റെ കുടുംബം. രോഗികളായ മാതാപിതാക്കളും നാലുവയസ്സ് മാത്രം പ്രായമുള്ള കുഞ്ഞും ഭാര്യയും അടങ്ങുന്നതാണ് ഉനൈസിന്റെ കുടുംബം. അപകടത്തില്‍ നട്ടെല്ലിനും വാരിയെല്ലിനും കാലിനും ഗുരുതരപരിക്കുകളോടെ ഉനൈസിന്റെ ഭാര്യ അലീഷ ഇപ്പോഴും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്നും വേണുഗോപാല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയാണ് മതില് ഇടിഞ്ഞുവീണ് ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അല്‍ഫയാസ് മരിച്ചത്. ക്യാന്‍സര്‍ രോഗിയായ മാതാവിന്റെയും കൂലിപ്പണിക്കാരനായ പിതാവിന്റെയും ഏകമകനാണ് അല്ഫയാസെന്നും വേണുഗോപാല്‍ കത്തിലൂടെ ചൂണ്ടിക്കാട്ടി.