പൊഴിയൂരില്‍ തുറമുഖം; പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അഞ്ച് കോടി അനുവദിച്ചു

പൊഴിയൂരില്‍ പുതിയ മത്സ്യബന്ധന തുറമുഖ നിർമാണ പ്രവർത്തനങ്ങള്‍ക്ക്‌ തുടക്കമാകുന്നു. പദ്ധതിയുടെ പ്രാരംഭപ്രവർത്തനങ്ങള്‍ക്കായി അഞ്ച്‌ കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാല്‍ അറിയിച്ചു. ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 65 മീറ്റർ നീളത്തില്‍ പുലിമുട്ട്‌ നിർമാണം ഏറ്റെടുക്കും. ഈ വർഷത്തെ ബജറ്റിലാണ്‌ പൊഴിയൂരില്‍ പുതിയ തുറമുഖം നിർമാണത്തിനുള്ള പദ്ധതി പ്രഖ്യാപിച്ചത്‌. 343 കോടിയാണ്‌ പദ്ധതിയുടെ പ്രതീക്ഷിത അടങ്കല്‍. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ സമീപപ്രദേശത്തായാണ്‌ പുതിയ ഫിഷറീസ്‌ തുറമുഖം നിർമിക്കുന്നത്‌.ഇപ്പോള്‍ കൊല്ലംകോട് മുതല്‍ നീണ്ടകര വരെയുള്ള തീരങ്ങളില്‍ പോയി മത്സ്യബന്ധനത്തിന് പോകുന്ന പൊഴിയൂരിലെ തൊഴിലാളികളുടെ ചിരകാലാഭിലാഷം സാഷാത്കരിച്ചാണ് പൊഴിയൂരില്‍ മത്സ്യബന്ധന തുറമുഖം സർക്കാർ പ്രഖ്യാപിച്ചത്.മത്സ്യബന്ധന തുറമുഖം നിർമാണ ഭാഗമായി ബീച്ച്‌ ക്രോസ് സെക്ഷൻ, ഷോർ ലൈൻ സർവേ എന്നിവ നടത്തി. മണ്‍സൂണ്‍ സമയത്തും മുമ്ബും ശേഷവും ഉള്ള തിരമാലകളുടെ ഒരുവർഷം നീണ്ട വിവരശേഖരണം പൂർത്തിയായി. ട്രോപ്പോഗ്രാഫിക് സർവേയും പൂർത്തീകരിച്ചു. ഇവ ഉള്‍പ്പെടുത്തിയുള്ള ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് തയാറാക്കി. ഇതിനു ശേഷമാണ് നിർമാണഘട്ടത്തിലേക്ക് കടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *