ആദ്യം കൈകള്‍ വെട്ടിമാറ്റി, കൊടുംക്രൂരത; YSR കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു

ആന്ധ്രാപ്രദേശില്‍ വൈ.എസ്.ആർ. കോണ്‍ഗ്രസ് പ്രവർത്തകനെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. വൈ.എസ്.ആർ. കോണ്‍ഗ്രസ് യുവജനവിഭാഗം പ്രവർത്തകനായ ഷെയ്ഖ് റഷീദ് ആണ് കൊല്ലപ്പെട്ടത്.

ബുധനാഴ്ച രാത്രി 8.30-ഓടെ ആന്ധ്രാപ്രദേശിലെ പല്‍നാടുവിലായിരുന്നു സംഭവം. ക്രൂരമായ കൊലപാതകത്തിന്റെ വീഡിയോദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഷെയ്ഖ് ജീലാനി എന്നയാളാണ് റഷീദിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. തിരക്കേറിയ റോഡിലിട്ട് ജീലാനി റഷീദിനെ ആക്രമിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. റോഡിലൂടെ വാഹനങ്ങള്‍ പോകുമ്ബോള്‍ ഇതൊന്നും കൂസാതെ ജീലാനി യുവാവിന്റെ കൈകള്‍ വെട്ടിമാറ്റിയെന്നും പിന്നാലെ ക്രൂരമായി ആക്രമിച്ചെന്നും കഴുത്തിലടക്കം വെട്ടിയെന്നുമാണ് ദൃക്സാക്ഷികളുടെ മൊഴി.

അതേസമയം, വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ജില്ലാ പോലീസ് മേധാവി കാഞ്ചി ശ്രീനിവാസ് റാവു മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന ആരോപണങ്ങളും പോലീസ് നിഷേധിച്ചു. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *