പ്രസിഡന്റ് പദത്തെ ചൊല്ലി തര്‍ക്കം; ആലിപ്പറമ്ബില്‍ വിശ്വാസ വോട്ടെടുപ്പ് 25ന്

 ഗ്രാമപഞ്ചായത്ത് നിലനില്‍ക്കുന്ന ആലിപ്പറമ്ബില്‍ നിലവിലെ പ്രസിഡന്റിനെതിരെ യു.ഡി.എഫ് നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസില്‍ ചർച്ചയും വോട്ടെടുപ്പും 25ന്.

മൂന്നു മണിക്കൂർ വരെ ചർച്ചക്ക് അവസരമുണ്ട്. ചർച്ചക്ക് ശേഷം വോട്ടെടുപ്പാണ്. വോട്ടെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷമായ 11 പേരുടെ പിന്തുണയുണ്ടെങ്കില്‍ നിലവിലെ പ്രസിഡന്റിന് തുടരാം. അല്ലാത്ത പക്ഷം അവിശ്വാസം പാസായതായി കാണിച്ച്‌ തെരഞ്ഞെടുപ്പ് കമീഷന് റിപ്പോർട്ട് നല്‍കലാണ് വരാണാധികാരിയുടെ ചുമതല.

മുസ്‍ലിം ലീഗ് അംഗം പ്രസിഡന്റ് പദത്തില്‍ തുടർന്നു വരുന്ന ആലിപ്പറമ്ബില്‍ 21 അംഗ ഭരണസമിതിയില്‍ ലീഗിന് 13, കോണ്‍ഗ്രസിന് ഒന്ന്, സി.പി.എമ്മിന് ഏഴ് എന്നിങ്ങനെയാണ് കക്ഷിനില. കെ.ടി.അഫ്സലിനെയാണ് പ്രസിഡന്റാക്കാൻ നിശ്ചയിച്ചതെങ്കിലും സി.ടി. നൗഷാദലിക്കും അവസരം നല്‍കണമെന്ന് ഒരു വിഭാഗം വാദിച്ചതോടെ ആദ്യ ഒരു വർഷം സി.ടി. നൗഷാദലിക്കും ശേഷിക്കുന്ന സമയം കെ.ടി. അഫ്സലിനും നല്‍കാനായിരുന്നു ലീഗില്‍ ധാരണ. ഒറ്റ അംഗം മാത്രമായതിനാല്‍ കോണ്‍ഗ്രസിന് വൈസ് പ്രസിഡന്റ് പദം നല്‍കിയില്ല. വർഷം കഴിഞ്ഞ് കെ.ടി. അഫ്സല്‍ ചുമതലയേറ്റു. വീണ്ടും ഒരു വർഷം കഴിഞ്ഞതോടെയാണ് സ്ഥിരസമിതി അധ്യക്ഷൻ അബ്ദുല്‍ മജീദിന് കൂടി അവസരം നല്‍കാൻ ധാരണയുണ്ടായിരുന്നെന്നും രാജി വെക്കണമെന്നും അഫ്സലിനോട്‌ ആവശ്യപ്പെടുന്നത്. ഇങ്ങനെ ഒരു ചർച്ചയോ ധാരണയോ ഇല്ലാത്തതിനാല്‍ രാജി വെക്കില്ലെന്ന് അറിയിച്ചപ്പോള്‍ അദ്ദേഹത്തെ പാർട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. മുസ്‍ലിം ലീഗില്‍ തന്നെ ചില അംഗങ്ങളുടെ പിന്തുണയും അഫ്സലിനുണ്ട്. സി.പി.എം നിലപാട് എന്താവുമെന്ന് വ്യക്തമാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *