തിരുവനന്തപുരത്തെ പടക്ക നിര്‍മാണ ശാലയിലെ സ്ഫോടനം; പരിക്കേറ്റ ഉടമസ്ഥൻ മരിച്ചു

 നന്ദിയോട് പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു.

പടക്കനിര്‍മാണ ശാലയുടെ ഉടമ ഷിബു ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ബുധനാഴ്ച രാവിലെ 10. 30 ഓടെയാണ് അപകടമുണ്ടായത്. വീടിന് അല്‍പ്പം അകലെയാണ് ഗോഡൗണ്‍ പ്രവർത്തിച്ചിരുന്നത്. അപകട സമയത്ത് ഷിബു മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. വലിയ പൊട്ടിത്തെറി ശബ്ദമുണ്ടായി. പൊട്ടിത്തെറിയില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു.

അപകടത്തില്‍ 70 ശതമാനം പൊള്ളലേറ്റ ഷിബുവിനെ ബുധനാഴ്ച രാവിലെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷിബുവിന്‍റെ ഭാര്യ മഞ്ജുവിന്‍റെ പേരിലാണ് കടയുടെ ലൈസന്‍സ് എങ്കിലും ഷിബുവാണ് കട നടത്തിയിരുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്നാണ് തീയണച്ചത്. അതിനുശേഷമാണ് അകത്തുണ്ടായിരുന്നു ഉടമയെ പുറത്തെത്തിച്ചത്. പടക്ക നിര്‍മാണത്തിനും വില്‍പനക്കും ഇവര്‍ക്ക് ലൈസന്‍സ് ഉണ്ട്. അതേസമയം പരിശോധനയില്‍ അളവില്‍ കൂടുതല്‍ പടക്കം ഷെഡില്‍ ഉള്ളതായി കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *