കര്‍ക്കിടക വാവുബലിക്ക് ദേവസ്വം ബോര്‍ഡ് കൂടുതല്‍ സൗകര്യം ഒരുക്കും: മന്ത്രി വി.എൻ വാസവൻ

ഈ വർഷത്തെ കർക്കിടക വാവ് ബലിതർപ്പണത്തിന് ദേവസ്വം ബോർഡ് കൂടുതല്‍ വിപുലമായക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയതായി ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ അറിയിച്ചു.

ദേവസ്വം ബോർഡിന് കീഴിലുള്ള ബലിതർപ്പണ ചടങ്ങുകള്‍ നടക്കുന്ന എല്ലാ പ്രധാനകേന്ദ്രങ്ങളിലും സൗകര്യങ്ങള്‍ ഒരുക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്. ഇതിനായി അവലോകനയോഗങ്ങള്‍ വിളിച്ചു.

തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ കർക്കിടക വാവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്, മെമ്ബർമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ ഉള്‍പ്പെടുത്തിയുള്ള ആദ്യ ഘട്ട യോഗം ജൂലൈ ഒന്നിന് മന്ത്രിയുടെ ചേംബറില്‍ ചേർന്നു. രണ്ടാമത്തെ യോഗം തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം ആഡിറ്റോറിയത്തില്‍ നടത്തി. പ്രധാന ആറുകേന്ദ്രങ്ങളിലെയും ഉദ്യോഗസ്ഥർ പങ്കെടുത്ത വിപുലമായ യോഗമാണ് തിരുവല്ലത്ത് നടന്നത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സ്പർജൻകുമാർ ഐ.പി.എസ്, തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന് വേണ്ടി എ.ഡി.എം, കൊല്ലം ജില്ലാ കളക്ടർ ദേവീദാസ് ഐ.എ.എസ്, എറണാകുളം ജില്ലാ ഭരണകൂടത്തിന് വേണ്ടി ഡെപ്യൂട്ടി കളക്ടർ എന്നിവരും വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരും ആ യോഗത്തില്‍ പങ്കെടുത്തു.

തിരുവിതാംകൂർ ദേവസ്വം ബോർസിന്റെ 20 ഗ്രൂപ്പുകളില്‍ 15 ഗ്രൂപ്പുകളിലും ബലിതർപ്പണ കേന്ദ്രങ്ങളുണ്ട്. അതില്‍ പ്രധാനമായിട്ടുള്ളത് 40 കേന്ദ്രങ്ങളാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുവല്ലം, ശംഖുമുഖം, അരുവിക്കര, വർക്കല, തിരുമുല്ലവാരം, ആലുവ എന്നീ ആറ് പ്രധാന കേന്ദ്രങ്ങളിലാണ് ബലിതർപ്പണം നടക്കുന്നത്. ഈ പ്രധാന കേന്ദ്രങ്ങളുള്‍പ്പെടെയുള്ള എല്ലാ കേന്ദ്രങ്ങളിലും ഭക്തർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതും പുരോഹിതന്മാരെ നിയോഗിക്കുന്നതും തിരുവിതാംകൂർ ദേവസ്വം ബോർഡാണെന്നും ഇതിനാവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും തിരുവിതാംകൂർ ദേവസ്വം ബോർഡ് എടുത്തുകഴിഞ്ഞു.

ശംഖുമുഖത്ത് ബലിതർപ്പണം നടത്തുന്നതിനുള്ള അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷ തിരുവനന്തപുരം ജില്ലാ കളക്ടർക്ക് നല്‍കിയിട്ടുണ്ട്. ബലിതർപ്പണത്തിനായി 70 രൂപയും തിലഹോമത്തിന് 50 രൂപയുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് നിശ്ചിയിച്ചിരിക്കുന്ന ഫീസ്. ബലിതർപ്പണം നടക്കുന്ന ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, താത്കാലിക പന്തല്‍ നിർമ്മിക്കുക, ബാരിക്കേഡുകള്‍ സ്ഥാപിക്കുക, ക്ഷേത്രവും പരിസരവും ശുചിയാക്കുക, തർപ്പണത്തിനാവശ്യമായ പുരോഹിതന്മാരെ നിയോഗിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്നും ചെയ്യുന്നത്. ഈ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ബോർഡ് തലത്തില്‍ ഒരോ സ്ഥലത്തും സ്‌പെഷ്യല്‍ ഓഫീസർമാരെ നിയമിക്കുന്നതാണ്. മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി എല്ലാ പ്രധാനകേന്ദ്രങ്ങളിലും സർക്കാർ വകുപ്പുകളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തില്‍ യോഗങ്ങള്‍ ചേരുന്നതിനും തീരുമാനിച്ചു.

കർക്കിടകവാവുമായി ബന്ധപ്പെട്ട് ശംഖുമുഖത്ത് കൂടുതല്‍ ലൈഫ് ഗാർഡിനെ നിയോഗിക്കുവാനും തീരുമാനം എടുത്തതായും തിരുവനന്തപുരം നഗരസഭ പരിധിയില്‍ ബലിതർപ്പണം നടക്കുന്ന സ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കുമെന്ന് നഗരസഭ തിരുവല്ലത്ത് നടന്ന യോഗത്തില്‍ തിരുവനന്തപുരം നഗരസഭ മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. നഗരസഭ പരിധിയില്‍ ബലിതർപ്പണം നടക്കുന്ന സ്ഥലങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

മറ്റിടങ്ങളില്‍ ബലിതർപ്പണം നടത്തുന്നതിനാവശ്യമായ അനുമതികള്‍ക്കായി ബന്ധപ്പെട്ട ഓഫീസുകളില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് കാലേകൂട്ടി അപേക്ഷകള്‍ സമർപ്പിക്കുന്നതും മുന്നൊരുക്കങ്ങള്‍ സ്വീകരിക്കുന്നതുമാണ്. അപകട സാധ്യതയുള്ള കടവുകളിലെല്ലാം ഫയർ ഫോഴ്‌സിന്റെയും സ്കൂബാ ടീമിന്റെയും സേവനം ഉറപ്പ് വരുത്തുന്നതാണ്.

തിരുവല്ലം, വർക്കല, തിരുമുല്ലവാരം, ആലുവ, അരുവിക്കര, ശംഖുമുഖം എന്നീ ആറ് പ്രധാന കേന്ദ്രങ്ങളിലെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കളക്ടർമാരുടെ നേതൃത്വത്തില്‍ അവിടങ്ങളിലെ ജനപ്രതിനിധികള്‍, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ അധ്യക്ഷൻമാർ, ജില്ലാ കളക്ടർമാർ, ബന്ധപ്പെട്ട വിവിധ സർക്കാർ വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുള്ള അവലോകന യോഗങ്ങളും ചേർന്നിട്ടുണ്ട്.

ബലിതർപ്പണ ചടങ്ങുകള്‍ നടത്തുന്ന ക്ഷേത്രത്തിനകത്തും മണ്ഡപങ്ങളിലും കടവിലും ആവശ്യാനുസരണം പുരോഹിതരെയും സഹപുരോഹിതരേയും ബോർഡ് നിയമിക്കും. ബലിക്ക് ആവശ്യമായ സാധനങ്ങള്‍ അതാത് ദേവസ്വങ്ങളില്‍ ലഭ്യമാക്കുന്നതിനും വിതരണം നടത്തുന്നതിനും ക്ലീനിംഗിനും മറ്റുമായി ജീവനക്കാരെ നിയോഗിക്കുവാനും നിർദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *