ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാന്‍ മില്ലറ്റുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം; ആരോഗ്യഗുണങ്ങളില്‍ മുന്നിലായ മില്ലറ്റുകള്‍ ഏതൊക്കെയെന്ന് അറിയാം

ചെറുധാന്യങ്ങള്‍ അഥവാ മില്ലറ്റുകള്‍ പോഷകങ്ങളുടെ കലവറയാണ്. ബജ്‌റ, ചോളം, റാഗി, ചാമ, തിന, പനിവരഗ്, കുതിരവാലി അല്ലെങ്കില്‍ കവടപ്പുല്ല്, കമ്ബം എന്നിവ നമുക്ക് പരിചിതമായ ചെറുധാന്യങ്ങളാണ്.

വിറ്റാമിനുകളായ ബി,സി,ഇ എന്നിവയും ചെറുധാന്യങ്ങളിലടങ്ങിയിട്ടുണ്ട്.

പ്രമേഹം,രക്തസമ്മര്‍ദ്ദം,പോലുള്ള ജീവിതശൈലീരോഗങ്ങളേ പ്രതിരോധിക്കാന്‍ സഹായിക്കുന്നവയാണ് ഇവയിലെ നാരുകളും പ്രോട്ടീനും. നമ്മുടെ ദഹനവ്യവസ്ഥയ്‌ക്ക് അനുയോജ്യമായ പ്രോട്ടീനുകളാണ് ചെറുധാന്യങ്ങളിലേത്. കാല്‍സ്യം,ഇരുമ്ബ്,ഫോസ്ഫറസ് പൊട്ടാസ്യം,മഗ്നീഷ്യം എന്നിവയും ചെറുധാന്യങ്ങളില്‍ സമൃദ്ധമാണ്.

സൂപ്പർഫുഡ് അറിയപ്പെടുന്ന മില്ലറ്റുകള്‍, മാംസ്യം അവശ്യ വൈറ്റമിനുകള്‍, കാല്‍സ്യം, ഇരുമ്ബ് , സിങ്ക്, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതു- ലവണങ്ങള്‍, ഭക്ഷ്യയോഗ്യമായനാരുകള്‍ എന്നിവയാല്‍ സമൃദ്ധമാണ്. മില്ലെറ്റുകള്‍ ദിവസേനയുള്ള ഭക്ഷണക്രമത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കാം.

സ്ഥിരമായി മില്ലെറ്റ് കഴിക്കുവരില്‍ ഹൃദ്രോഗബാധ കുറവായിരിക്കും. ചെറുകുടലിലെ അള്‍സർ, മലബന്ധം എന്നിവ കുറവായും കാണപ്പെടുന്നു. സാവധാനം ദഹിക്കുന്ന അന്നജവും ധാരാളം നാരുകളുടെയും സന്നിധ്യം ഇവയെ അമിത വണ്ണം, ശരീരഭാരം എന്നിവ കുറയ്‌ക്കുന്നതിനുള്ള യോജിച്ച ഭക്ഷണമായി തിരഞ്ഞെടുക്കാവുന്നതാണ്.

പണ്ട് മുതല്‍ക്കേ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ഭക്ഷണത്തില്‍ ചെറുധാന്യങ്ങള്‍ പ്രത്യേകിച്ചും ഉള്‍പ്പെടുത്തിയിരുന്നു. സ്ത്രീകളില്‍ ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച്‌ അസ്ഥികള്‍ക്കുണ്ടാവുന്ന ബലക്കുറവ് പരിഹരിക്കാന്‍ ചെറുധാന്യങ്ങള്‍ കഴിയുമെന്ന് ഇത് സംബന്ധിച്ച്‌ നടന്ന പഠനങ്ങള്‍ പറയുന്നു.

തിന: ഒരു മികച്ച പോഷകഭക്ഷണമായി തെളിയിക്കപ്പെട്ട ധാന്യമാണ് തിന. നാരുകളുടെ കലവറയാണ്. തലമുടി തൊട്ട് പേശികള്‍ വരെയുള്ള അവയവങ്ങളുടെ പ്രവര്‍ത്തനത്തിന് പ്രോട്ടീന്‍ അത്യാവശ്യമാണ്.തിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രോട്ടീന്‍ ക്ഷാമം പരിഹരിക്കാനാവും. തിനയില്‍ അന്നജത്തിന്റെ അളവ് തുലോം കുറവാണ്.

ചാമ: ശരീരം തണുപ്പിക്കാനുള്ള ശേഷിയുള്ള ധാന്യമാണ് ചാമ. വേനല്‍ക്കാലത്ത് ദാഹം മാറ്റാന്‍ നല്ലതാണ്. ചാമയില്‍ കൊഴുപ്പ് തീരെ കുറവായതിനാല്‍ കൂടിയ രക്തസമ്മര്‍ദ്ദം ഉള്ളവര്‍ക്ക് ചാമക്കഞ്ഞി നല്ലതാണ്.

കുതിരവാലി: തവിട് കളയാത്ത കുതിരവാലി ധാന്യത്തില്‍ ജീവകം ബിയും ധാതുക്കളും ഇഷ്ടം പോലെയുണ്ട്. മുടിയുടെ വളര്‍ച്ചയ്‌ക്കും ആരോഗ്യത്തിനും സഹായിക്കുന്ന ഘടകമാണ് ജീവകം ബി. ഉമി കളഞ്ഞെടുക്കുന്ന ധാന്യം പൊടിച്ച്‌ ചപ്പാത്തിയും ചോറും ഉണ്ടാക്കാം.

ചോളം: ചോളത്തില്‍ ശരീരത്തിനാവശ്യമുള്ള ഇരുമ്ബും സിങ്കും സമൃദ്ധമാണ്. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ചോളം കഴിക്കുന്നത് ശീലമാക്കിയാല്‍ ഇരുമ്ബിന്റെ കുറവുകൊണ്ടുണ്ടാകുന്ന വിളര്‍ച്ച മാറും.

റാഗി:കാല്‍സ്യത്തിന്റെ കലവറയാണ് റാഗി. കൂവരക്,മുത്താറി,പഞ്ഞപ്പുല്ല് എന്നും പേരുകളുണ്ട്. 100 ഗ്രാം റാഗിയില്‍ ഏതാണ്ട് 340 മില്ലിഗ്രാം കാല്‍സ്യമുണ്ട്. കാല്‍സ്യത്തിന്റെ സാന്നിധ്യം എല്ലിന്റേയും പല്ലിന്റേയും പോഷണത്തിന് സഹായകമാണ്. ഫൈബര്‍, ആന്റി ഓക്‌സിഡന്റ് എന്നിവ ഉയര്‍ന്ന അളവിലുണ്ട്.

കമ്ബം: അരിയിലുള്ളതിനേക്കാള്‍ അപൂരിത കൊഴുപ്പുകള്‍ കമ്ബത്തിലുണ്ട്. അപൂരിത കൊഴുപ്പുകള്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്‌ക്കാന്‍ സഹായിക്കുമെന്നതിനാല്‍ ഹൃദയാരോഗ്യത്തിന് ഫലപ്രദമായ ഭക്ഷണമാണ് കമ്ബം. പേള്‍ മില്ലെറ്റ് എന്നും കമ്ബത്തിന് പേരുണ്ട്. കമ്ബത്തില്‍ ഇരുമ്ബിന്റെ അംശവും കൂടിയ അളവിലുണ്ട്.

വരക്: ആന്റി ഓക്‌സിഡന്റുകളും പ്രോട്ടീനും നാരുകളും വരക് ധാന്യത്തില്‍ സമൃദ്ധമാണ്. വരക് കൊണ്ടുള്ള ഉപ്പുമാവും കഞ്ഞിയും സന്തുലിത ഭക്ഷണങ്ങളില്‍ പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *