ബീക്കണ്‍ലൈറ്റ് വിവാദത്തില്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ച കളക്ടര്‍ക്കെതിരെ പരാതിനല്‍കി പൂജ ഖേദ്കര്‍

 പുണെ ജില്ലാ കളക്ടർക്കെതിരേ പരാതിയുമായി വിവാദ പ്രൊബേഷണറി ഐ.എ.എസ്. ഉദ്യോഗസ്ഥ പൂജാ ഖേദ്കർ. പൂജയുടെ പെരുമാറ്റത്തെക്കുറിച്ച്‌ സ്റ്റേറ്റ് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയ ഉദ്യോഗസ്ഥനാണ് പൂണെ ജില്ലാ കളക്ടർ സുഹാദ് ദിവാസ്.

തിങ്കളാഴ്ച പൂജയുടെ വാഷിമിലെ വീട്ടിലേക്ക് പോലീസ് ഉദ്യോഗസ്ഥ എത്തിയിരുന്നു. എന്നാല്‍ എന്തിനായിരുന്നു എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായിരുന്നില്ല. കുറച്ചു കാര്യങ്ങള്‍ ചെയ്തു തീർക്കാനുണ്ട് എന്ന് മാത്രമായിരുന്നു പൂജ ഇതിനോട് പ്രതികരിച്ചത്. എന്നാല്‍ ഇത് പൂണെ ജില്ലാ കളക്ടർക്കെതിരേ പരാതി രേഖപ്പെടുത്താനായിരുന്നുവെന്നാണ് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച്‌ ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്.

സിവില്‍ സർവീസില്‍ പ്രവേശനം ലഭിക്കാൻ വ്യാജ സർട്ടിഫിക്കറ്റുകള്‍ സമർപ്പിച്ചെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ പൂജാ ഖേദ്കർക്കെതിരേ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെ ജില്ലയിലെ പരിശീലനം അവസാനിപ്പിച്ച്‌ മസൂറിയിലെ ഐ.­എ.എസ്. പരിശീലനകേന്ദ്രത്തിലേക്ക് പൂജയെ മടക്കിവിളിപ്പിച്ചിരുന്നു. തുടർനടപടികള്‍ ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

പ്രൊബേഷൻ കാലയളവില്‍ പുണെയില്‍ അസിസ്റ്റന്റ് കളക്ടറായിട്ടായിരുന്നു പൂജയുടെ നിയമനം. എന്നാല്‍, സർവീസില്‍ പ്രവേശിച്ചതിന് പിന്നാലെ യുവ ഉദ്യോഗസ്ഥയെതേടി വിവാദങ്ങളുമെത്തി. ആഡംബര സൗകര്യങ്ങള്‍ ആവശ്യപ്പെട്ടതും കളക്ടറുടെ ചേംബർ കൈയേറിയതുമെല്ലാം ഇതില്‍ ചിലതായിരുന്നു. സ്വകാര്യവ്യക്തിയുടെ ആഡംബര കാറാണ് പൂജ ഉപയോഗിച്ചിരുന്നത്. ഈ കാറില്‍ അനധികൃതമായി ബീക്കണ്‍ ലൈറ്റും മഹാരാഷ്ട്ര സർക്കാരിന്റെ വി.ഐ.പി. നമ്ബർ പ്ലേറ്റും ഉപയോഗിച്ചിരുന്നു. സംഭവം വിവാദമായതോടെ പുണെ കളക്ടർ ചീഫ് സെക്രട്ടറിക്ക് കത്തെഴുതി. ഇതിനുപിന്നാലെയാണ് പൂജയെ പുണെയില്‍നിന്ന് വാഷിമിലേക്ക് സ്ഥലംമാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *