മൂന്നുപീടികയിലെ മെഡിക്കല്‍ ഷോപ്പില്‍ കള്ളനോട്ട് നല്കി തട്ടിപ്പ് നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു.
പാവറട്ടി വെമ്ബനാട് കൊള്ളന്നൂർ ജസ്റ്റിനെ (39)യാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ മൂന്നുപീടികയിലെ ജൻ ഔഷധിയില്‍നിന്ന് മരുന്ന് വാങ്ങിയ ശേഷം അഞ്ഞൂറ് രൂപ കൊടുത്തത്. നോട്ടില്‍ സംശയംതോന്നിയ കടയുടമ ഇയാളെ അപ്പോള്‍ തന്നെ ചോദ്യം ചെയ്തെങ്കിലും ഈ നോട്ട് മാറിയില്ലെങ്കില്‍ തന്റെ ഫോണ്‍ നമ്ബറില്‍ വിളിച്ചാല്‍ മതിയെന്ന് പറഞ്ഞ് മൊബൈല്‍ നമ്ബർ നല്കി സ്ഥലം വിടുകയായിരുന്നു.
പി്ന്നീട് നോട്ട് വ്യാജനാണെന്ന് മനസ്സിലാക്കിയ കടയുടമ ഫോണില്‍ വിളിച്ചെങ്കിലും നമ്ബർ നിലവിലില്ലായിരുന്നു, കടയുടമ പോലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് നടത്തിയയാള്‍ പിടിയിലായത്. സ്ഥലത്തെ സി.സി.ടി.വി. പരിശോധിച്ചാണ് പോലീസ് ജസ്റ്റിൻ വന്ന കാർ കണ്ടെത്തുകയും കാറിന്റെ നമ്ബർ ഉപയോഗിച്ച് ആളെ കണ്ടെത്തുകയുമായിരുന്നു. പാവറട്ടി പാങ്ങില്‍ ഡിസൈനിങ് സ്റ്റുഡിയോ നടത്തുന്നയാളാണ് ജസ്റ്റിൻ, സ്റ്റുഡിയോയില്‍നിന്ന് നോട്ട് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കംപ്യൂട്ടറും പ്രിന്ററും മറ്റ് സാമഗ്രികളുമടക്കം കയ്പമംഗലം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
50രൂപയുടെ മുദ്രപത്രത്തിലാണ് ഇയാള്‍ നോട്ട് പ്രിന്റ് ചെയ്തിരുന്നത്, ഇത്തരത്തില്‍ പ്രിന്റ് ചെയ്തിരുന്ന 12 അഞ്ഞൂറ് രൂപ നോട്ടുകളും സ്റ്റുഡിയോയില്‍നിന്ന് പോലീസ് കണ്ടെത്തി. ആറ് മാസത്തോളമായി ഇയാള്‍ ഇത്തരത്തില്‍ നോട്ടുകള്‍ പ്രിന്റ് ചെയ്തെടുക്കുന്നുണ്ടെന്നും മീൻ വാങ്ങാനും മറ്റ് സ്വന്തം ആവശ്യങ്ങള്‍ക്കുമായാണ് ഇയാള്‍ നോട്ട് ഉപയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.