കോഴിക്കോട് ജില്ലയിലെ ശക്തമായ മഴ വിമാന സർവിസിനെയും ബാധിച്ചു. കുവൈത്തില്‍ നിന്ന് തിങ്കളാഴ്ച വൈകീട്ട് 3.39ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർഇന്ത്യ എക്സ്പ്രസിന് രാത്രി കോഴിക്കോട് ഇറങ്ങാനായില്ല.
തുടർന്ന് ബംഗളൂരുവിലേക്ക് തിരിച്ചു വിട്ട വിമാനം ചൊവ്വാഴ്ച രാവിലെ ഒമ്ബതിനാണ് കോഴിക്കോടെത്തിയത്.കുവൈത്തില്‍ നിന്ന് പതിവായി 12.40ന് പുറപ്പെട്ട് രാത്രി 8.10ന് കോഴിക്കോട് എത്തുന്ന വിമാനമാണിത്.
മൂന്ന് മണിക്കൂറോളം വൈകി പുറപ്പെട്ട വിമാനം കറങ്ങിത്തിരിഞ്ഞ് വീണ്ടും സമയം നഷ്ടപ്പെടുത്തിയത് യാത്രക്കാരെ മുഷിപ്പിച്ചു. 12 മണിയോടെ ബംഗളൂരുവില്‍ എത്തിയ വിമാനം രാവിലെ എട്ടിനാണ് കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. ഇതുവരെ യാത്രക്കാർ വിമാനത്തില്‍ കഴിച്ചുകൂട്ടി.അതേസമയം, കാലാവസ്ഥ ശരിയായിട്ടും വിമാനം കോഴിക്കോട്ടേക്കെത്തിക്കാൻ വൈകുന്നതില്‍ യാത്രക്കാർ പ്രതികരിച്ചു.
ഇതിനിടെ ജോലിസമയം കഴിഞ്ഞതിനാല്‍ പൈലറ്റ് വിമാനം പറത്താൻ തയാറാകാത്തത് യാത്രക്കാരെ പ്രകോപിപ്പിച്ചു. തുടർന്ന് അടുത്ത ഷിഫ്റ്റിലെ പൈലറ്റ് എത്തിയാണ് വിമാനം കോഴിക്കോട് എത്തിച്ചതെന്ന് യാത്രക്കാർ പറഞ്ഞു. അതേസമയം, ലഘുഭക്ഷണവും വെള്ളവും നല്‍കിയത് യാത്രക്കാർക്ക് ആശ്വാസമായി. അതിനിടെ, കുവൈത്തില്‍ നിന്ന് ഞായറാഴ്ച രാത്രി പുറപ്പെടേണ്ട കൊച്ചി യാത്രക്കാരെ തിങ്കളാഴ്ച രാത്രി മറ്റൊരു വിമാനത്തില്‍ കൊച്ചിയിലെത്തിച്ചു.