ഗസ്സയില്‍ കൂട്ടക്കുരുതി തുടർന്ന് ഇസ്രായേല്‍. കഴിഞ്ഞ ദിവസം മാത്രം അറുപതിലേറെ പേർ മരിച്ചു. വെടിനിർത്തല്‍ കരാറില്‍ വ്യക്തത വരാൻ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്ന് ഇസ്രായേല്‍ അമേരിക്കയോട് വ്യക്തമാക്കി.
ഗസ്സയിലെ ആസൂത്രിത നരഹത്യയുടെ ഉത്തരവാദിത്തം അമേരിക്ക ഏറ്റെടുക്കണമെന്ന് ഹമാസ് പറഞ്ഞു. അതേസമയം വെടിനിർത്തല്‍ കരാറില്‍ ഒപ്പുവെക്കാൻ വൈകരുതെന്ന് ആവശ്യം ഉന്നയിച്ച് ഇസ്രായേലില്‍ പ്രക്ഷോഭം തുടരുകയാണ്.
ഇന്നലെ രാത്രി ഒരു മണിക്കൂറിനിടെ മൂന്ന് ആക്രമണങ്ങളാണ് നടന്നത്. ആക്രമണത്തില്‍ 44 പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം. സിവിലിയൻ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു കൂടുതല്‍ ആക്രമണങ്ങളും നടന്നത്. ഖാൻ യൂനുസ്, ദേർ ബലാഹ്, ശുജാഇയ എന്നിവിടങ്ങളിലും നിരവധി ഫലസ്തീനികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
റഫയുടെ വിവിധ ഭാഗങ്ങളില്‍ ഇസ്രായേല്‍ സൈന്യത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തുകയാണെന്ന് ഹമാസ് സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ് വ്യക്തമാക്കി. ലക്ഷക്കണക്കിന് ഫലസ്തീൻ അഭയാർഥികള്‍ക്ക് ആഹാരവും കുടിവെള്ളവുമുള്‍പ്പെടെ എത്തിക്കുന്ന ഐക്യരാഷ്‌ട്ര സഭയുടെ ഗസ്സയിലെ ആസ്ഥാനം ഉള്‍പ്പെടെ നിരവധി കേന്ദ്രങ്ങള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ നിലംപൊത്തി. ഗസ്സയില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരുടെ എണ്ണം 160 ആയി.