രാജ്യത്ത് സ്മാർട്ട് വൈദ്യുതി മീറ്ററുകള്‍ സ്ഥാപിക്കുന്നു. ഇതിന്റെ ആദ്യപടിയായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം എസ്.ടി.സിയുമായി കരാർ ഒപ്പുവെച്ചു.
രാജ്യത്തുടനീളം ഏകദേശം 500,000 സ്മാർട്ട് വൈദ്യുതി മീറ്ററുകള്‍ സ്ഥാപിക്കുന്നതാണ് പദ്ധതി. ഊർജ ഉപഭോഗം കുറക്കാനും മന്ത്രാലയത്തിന്‍റെ കുടിശ്ശിക പിരിച്ചെടുക്കാനും ലക്ഷ്യമിടുന്നതാണ് കരാറെന്ന് മന്ത്രാലയത്തിന്‍റെ ആക്ടിങ് അണ്ടർസെക്രട്ടറി മഹാ അല്‍ അസൂസി പറഞ്ഞു.
സ്മാർട്ട് വൈദ്യുതി മീറ്ററുകള്‍ മനുഷ്യന്‍റെ ഇടപെടല്‍ കുറക്കുന്നതിലൂടെ ഊർജ ഉപഭോഗവും കുറക്കും. അറ്റകുറ്റപ്പണികള്‍ സുഗമമാക്കുന്ന റിമോട്ട് കണ്‍ട്രോളിങ്ങും ഇതിനുണ്ട്. സ്മാർട്ട് മീറ്ററുകള്‍ തത്സമയ ഉപഭോഗ ട്രാക്കറും ഉള്‍ക്കൊള്ളുന്നതാണ്. ഇത് ഊർജം കുറക്കുന്നതിനും സുസ്ഥിരത കൈവരിക്കുന്നതിനും സഹായിക്കും. ഊർജം, ഐടി, ടെലികോം മേഖലകളിലെ അനുഭവ സമ്ബത്ത് രാജ്യത്തി ൻ്റെ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ഉപയോഗപ്പെടുത്തുകയാണെന്ന് എസ്.ടി.സി സി.ഇ.ഒ മുഅതാസ് അല്‍ ദർറബ് പറഞ്ഞു.
കരാർ നടപ്പിലാക്കുന്നത് കുവൈത്തിനെ സുസ്ഥിരതയിലേക്ക് ഒരു പടി കൂടി അടുപ്പിക്കുമെന്നും പൊതു-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള ഫലപ്രദമായ സഹകരണം ഉയർത്തിക്കാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.