ഇസ്രായേലില്‍ സർക്കാറിന് തലവേദന സൃഷ്ടിച്ച് ഹരേദി ജൂതൻമാരുടെ പ്രതിഷേധം. നിർബന്ധിത സൈനിക സേവനം നടപ്പാക്കുന്നതിനെതിരെയാണ് ഇസ്രായേലിലെ തീവ്ര ഓർത്തഡോക്സ് ജൂതൻമാരുടെ പ്രതിഷേധം ശക്തമായത്.
മധ്യ ഇസ്രായേലിലെ ഹൈവേ തടഞ്ഞ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ചൊവ്വാഴ്ച വൈകീട്ട് ഏറ്റുമുട്ടലുണ്ടായി. ബ്നെയ് ബ്രേക്ക് നഗരത്തിന് സമീപത്തെ ഹൈവേ നാലാണ് ഹരേദി ജൂത വിഭാഗക്കാർ ഉപരോധിച്ചത്. തീവ്ര ഓർത്തഡോക്സ് ജൂതൻമാർ കൂടുതല്‍ താമസിക്കുന്ന പ്രദേശമാണിത്.
വലിയ പ്രതിഷേധങ്ങള്‍ക്കിടയിലാണ് ഹരേദി ജൂത വിഭാഗക്കരെയും നിർബന്ധിത സൈനിക സേവനത്തിന് തെരഞ്ഞെടുക്കാൻ സർക്കാർ തീരുമാനിച്ചത്. വരുന്ന ഞായറാഴ്ച മുതല്‍ ഇവരെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടയിലാണ് പ്രതിഷേധം വ്യാപകമായത്.
കഴിഞ്ഞ ദിവസം ഹരേദി യുവാക്കള്‍ രണ്ട് ഇസ്രായേലി സൈനിക ഉദ്യോഗസ്ഥർ സഞ്ചരിച്ച കാർ ആക്രമിച്ചിരുന്നു. നിങ്ങള്‍ കൊലപാതകികളാണെന്ന് ആക്രോശിക്കുകയും കുപ്പികള്‍ കാറിന് നേരെ വലിച്ചെറിയുകയും ചെയ്തു. സംഭവത്തില്‍ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ഒക്ടോബർ ഏഴിന് ശേഷം ആരംഭിച്ച യുദ്ധത്തില്‍ വലിയ ആള്‍ക്ഷാമമാണ് ഇസ്രായേല്‍ സൈന്യം അനുഭവിക്കുന്നത്. ഗസ്സക്ക് പുറമെ വടക്കൻ ഇസ്രായേലില്‍ ഹിസ്ബുല്ലയുടെ ഭാഗത്തുനിന്നും വലിയ ആക്രമണം ഇസ്രായേല്‍ നേരിടുന്നുണ്ട്. ഗസ്സയില്‍ നിരവധി ഇസ്രായേലി സൈനികരാണ് യുദ്ധത്തിനിടെ കൊല്ലപ്പെട്ടത്. പതിനായിരത്തിന് മുകളില്‍ സൈനികർക്ക് മാനസികവും ശാരീരികവുമായ പരിക്കേല്‍ക്കുകയും ചെയ്തു. കൂടാതെ പലരും സൈന്യത്തോടൊപ്പം ചേരാനും യുദ്ധഭൂമിയിലേക്ക് പോകാനും മടിക്കുകയാണ്.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഇസ്രായേലിലെ സുപ്രിംകോടതി ഹരേദി ജൂതൻമാരെയും നിർബന്ധിത സൈനിക സേവനത്തില്‍ ഉള്‍പ്പെടുത്തണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ ഇത്തരക്കാർ പഠിക്കുന്ന മതസ്ഥാപനങ്ങള്‍ക്കുള്ള സാമ്ബത്തിക സഹായം നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
ഇസ്രായേല്‍ ജനസംഖ്യയുടെ 13 ശതമാനം വരും ഹരേദി ജൂതൻമാർ. ഇവരില്‍പെട്ട ഏകദേശം 99 ലക്ഷം പേർ നിലവില്‍ സൈനിക സേവനം അനുഷ്ഠിക്കുന്നില്ല. പകരം ഇവരുടെ ജീവിതം മതഗ്രന്ഥമായ തോറ പഠിക്കാനായി സമർപ്പിച്ചിരിക്കുകയാണ്.
18 വയസ്സിന് മുകളിലുള്ള എല്ലാവരും സൈന്യത്തില്‍ സേവനമനുഷ്ഠിക്കണമെന്നാണ് ഇസ്രായേല്‍ നിയമം. പുരുഷൻമാർക്ക് 32 മാസവും സ്ത്രീകള്‍ക്ക് 24 മാസവുമാണ് നിർബന്ധിത സൈനിക സേവനം.
എന്നാല്‍, ഇതില്‍നിന്ന് ഹരേദികളെ ഒഴിവാക്കിയത് പതിറ്റാണ്ടുകളായി തുടരുന്ന തർക്കവിഷയമാണ്. ഇതാണ് ഗസ്സ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രൂക്ഷമായിരിക്കുന്നത്. 21 ശതമാനം വരുന്ന അറബ് ന്യൂനപക്ഷവും സൈനിക സേവനത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്.
പഠനം ഉപേക്ഷിച്ചവരെയടക്കം സൈന്യത്തില്‍ ചേർക്കാനായി അധികൃതർ ജൂത സെമിനാരി തലവൻമാരുമായി ചർച്ചകള്‍ നടത്തിവരികയാണ്. സൈന്യത്തില്‍ ഹരേദികള്‍ക്ക് മാത്രമായി യൂനിറ്റ് ആരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. എന്നാല്‍, സൈന്യത്തിലേക്കുള്ള റിക്രൂട്ട് അവഗണിക്കണമെന്ന് പല പുരോഹിതൻമാരും വിദ്യാർഥികളോട് നിർദേശിച്ചിട്ടുണ്ട്.
ഹരേദി വിഭാഗക്കാരെ ഇതില്‍നിന്ന് ഒഴിവാക്കണമെന്ന് മതപുരോഹിതനായ മുൻ സെഫേർദി ചീഫ് റബ്ബി യിത്സാക് യോസഫ് അധികൃതരോട് ആവശ്യപ്പെട്ടു. തോറയുടെ പുത്രൻമാരായ പണ്ഡിതൻമാരെ സൈനിക സേവനത്തില്‍നിന്ന് ഒഴിവാക്കണം. നിലവില്‍ പഠനം നിർത്തിയവരെയും സൈന്യത്തിലേക്ക് അയക്കരുത്. അവിടെ പല മോശം കാര്യങ്ങളും നടക്കുന്നുണ്ട്. അതിനാല്‍ അങ്ങോട്ട് പോകാൻ പാടില്ലെന്നും യിത്സാക് യോസഫ് പറഞ്ഞു.
നിർബന്ധിത സൈനിക സേവനം നടപ്പാക്കിയാല്‍ ഇസ്രായേലില്‍നിന്ന് കൂട്ടത്തോടെ രാജ്യംവിടുമെന്ന് ഇദ്ദേഹം നേരത്തേ സർക്കാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിങ്ങള്‍ ജനങ്ങളെ സൈന്യത്തില്‍ ചേരാൻ നിർബന്ധിച്ചാല്‍ എല്ലാവരും വിദേശത്തേക്ക് പോകുമെന്ന് യോസഫ് വ്യക്തമാക്കി. ‘ഞങ്ങള്‍ സ്വന്തമായി ടിക്കറ്റ് എടുക്കും. ഞങ്ങളെ സൈന്യത്തിലേക്ക് നിർബന്ധിക്കാനാകില്ല. സർക്കാറും ഇതിന് കൂട്ടുനില്‍ക്കുകയാണ്. മതപഠന സ്ഥാപനങ്ങള്‍ ഇല്ലെങ്കില്‍ സൈന്യത്തിന് വിജയിക്കാനാകില്ലെന്ന് ഈ മതേതര ആളുകള്‍ മനസ്സിലാക്കണം’ -റബ്ബി യോസഫ് വ്യക്തമാക്കി.
2013ല്‍ യോസഫിന്റെ പിതാവും മുൻ ചീഫ് റബ്ബിയുമായ ഒവാഡിയ യോസഫും സമാന പ്രസ്താവന നടത്തിയിരുന്നു. സൈനിക സേവനത്തിന് നിർബന്ധിക്കുകയാണെങ്കില്‍ ദൗർഭാഗ്യശാല്‍ നമുക്ക് ഇസ്രായേലില്‍നിന്ന് പോകേണ്ടി വന്നേക്കാം എന്ന് അദ്ദേഹം പറഞ്ഞിരുന്നു.