പൊന്നാനിയില്‍ രണ്ടു മലമ്ബനി കേസുകള്‍കൂടി സ്ഥിരീകരിച്ചു. പൊന്നാനി നഗരസഭയുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ പ്രതിരോധപ്രവർത്തനങ്ങള്‍ ഊർജിതമാക്കി.
അഞ്ചാം വാർഡിലാണ് ആദ്യമായി രോഗം കണ്ടെത്തിയത്. തുടർന്ന് പൊന്നാനി, ഈഴുവത്തിരുത്തി, തവനൂർ ബ്ലോക്കുകളിലെ ആരോഗ്യപ്രവർത്തകർ, വെക്ടർ കണ്‍ട്രോള്‍ യൂനിറ്റ്, ആശ പ്രവർത്തകർ തുടങ്ങിയവർ പ്രദേശത്ത് സർവേ നടത്തി. നാലു പേരടങ്ങുന്ന പത്ത് സംഘങ്ങള്‍ വീടുകള്‍ സന്ദർശിച്ചു. 1200 രക്തസാമ്ബ്ള്‍ ശേഖരിച്ചാണ് രണ്ടു മലമ്ബനി രോഗം സ്ഥിരീകരിച്ചത്. 21, 54, 17 എന്നിങ്ങനെ പ്രായമുള്ള മൂന്നു സ്ത്രീകളിലാണ് രോഗം കണ്ടെത്തിയത്. നിലവില്‍ മൂന്നു കേസുകളാണ് വാർഡ് അഞ്ചിലുള്ളത്.
നഗരസഭയിലെ 4, 5, 6, 7 വാർഡുകള്‍ കേന്ദ്രീകരിച്ചാണ് പ്രതിരോധപ്രവർത്തനങ്ങള്‍ നടക്കുന്നത്. പ്രദേശത്ത് കൊതുകുകളുടെ ഉറവിടനശീകരണ പ്രവർത്തനങ്ങള്‍, കൊതുകുനശീകരണ പ്രവർത്തനങ്ങള്‍ എന്നിവ ഉടൻ നടക്കും.
പ്രവർത്തനങ്ങള്‍ക്ക് പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീന സുധേശൻ, വാർഡ് കൗണ്‍സിലർ കവിത ബാലു, ജില്ല മെഡിക്കല്‍ ഓഫിസർ ഡോ. ആർ. രേണുക, ജില്ല സർവൈലൻസ് ഓഫിസർ ഡോ. സി. ഷുബിൻ, ടെക്നിക്കല്‍ അസിസ്റ്റൻറ് സി.കെ. സുരേഷ് കുമാർ, എപ്പിഡമോളജിസ്റ്റ് കിരണ്‍ രാജ്, ഹെല്‍ത്ത് സൂപ്പർവൈസർമാരായ സി.ആർ. ശിവപ്രസാദ്, വിൻസെൻറ് സിറില്‍ എന്നിവർ നേതൃത്വം നല്‍കി.
രാത്രിയില്‍ കൊതുകുവല ഉപയോഗിക്കാനും കൊതുക് നശീകരണ സാമഗ്രികള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഒരു മാസത്തിനുള്ളില്‍ പനി ബാധിച്ചവർ സർക്കാർ ആശുപത്രിയില്‍ രക്തപരിശോധന നടത്തണം. ആരോഗ്യവകുപ്പ് നടത്തുന്ന ഗൃഹസന്ദർശന രക്തപരിശോധനയില്‍ പങ്കാളിയാവണമെന്നും ഡി.എം.ഒ അറിയിച്ചു. ഉറവിടനശീകരണം, ഫോഗിങ്, സ്പ്രേയിങ് എന്നിവ നടക്കും. 100 ആരോഗ്യപ്രവർത്തകരെ പ്രവർത്തനങ്ങള്‍ക്കായി നിയോഗിച്ചു. മൂന്നാഴ്ച ലക്ഷ്യമിട്ട് പ്രവർത്തനങ്ങള്‍ക്കായി രൂപരേഖ
തയാറാക്കി.