അതിതീവ്രമഴയുടെ സാഹചര്യത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി നല്‍കിയിരിക്കുകയാണ്. കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂർ, കോട്ടയം, തൃശൂർ ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കണ്ണൂരില്‍ കോളജുകള്‍ ഒഴികെയാണ് അവധി.
ഇന്നലെ മഴക്കെടുതികളില്‍ ഒമ്ബത് പേരാണ് സംസ്ഥാനത്ത് മരിച്ചത്. തിരുവനന്തപുരം പേരൂർക്കട-നെടുമങ്ങാട് റോഡില്‍ വഴയില ആറാംകല്ലില്‍ ആല്‍മരം കാറിനു മുകളില്‍ വീണു യാത്രക്കാരി മരിച്ചു. തൊളിക്കോട് പരപ്പാറ മങ്കാട് തടത്തരികത്തു മുകില്‍ ഭവനില്‍ ഒ. മോളിയാണ് (42) മരിച്ചത്. ചൊവ്വാഴ്ച രാത്രി 7.30 ഓടെയായിരുന്നു അപകടം.
തിരുവല്ലയിലും വയനാട്ടിലും കാസർകോട്ടും വൈദ്യുതി കമ്ബിയില്‍നിന്ന് ഷോക്കേറ്റ് മൂന്നുപേർ മരിച്ചു. തിരുവല്ലയില്‍ മേപ്രാതറയില്‍ പുല്ല് ചെത്താൻപോയ ടി.സി റജി ആണ്(48) മരിച്ചത്. മേപ്രാല്‍ ന്യൂ ഇന്ത്യ ബൈബിള്‍ ചർച്ച് ഓഫ് ഗോഡ് ആരാധനാലയത്തിനുസമീപം പൊട്ടിക്കിടന്ന കമ്ബിയില്‍നിന്നാണ് റെജിക്ക് വൈദ്യുതാഘാതമേറ്റത്. കഴിഞ്ഞദിവസത്തെ ശക്തമായ കാറ്റില്‍ ആരാധനാലയത്തിന്‍റെ മേല്‍ക്കൂരയുടെ ഒരുഭാഗത്തെ ഇളകിവീണ ഷീറ്റ് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് റെജിക്ക് വൈദ്യുതാഘാതമേറ്റത്. വയനാട് പുല്‍പ്പള്ളി ചീയമ്ബത്ത് സുധൻ (32)പൊട്ടിവീണ വൈദ്യുതിലൈനില്‍നിന്ന് ഷോക്കേറ്റ് മരിച്ചു. കാസര്‍കോട് വീടിനോടുചേർന്ന ഷെഡില്‍ മഴവെള്ളം കയറി വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. നിലത്തെ വെള്ളത്തിലേക്ക് വീണ വയറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മധൂര്‍ മായിപ്പാടി കുതിരപ്പാടിയിലെ ഗോപാല ഗട്ടിയുടെ ഭാര്യ ഹേമാവതി(53)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ഏഴരയോടെയാണ് അപകടം.
കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ടുപേർ മരിച്ചു. കോളേരി സ്വദേശി കുഞ്ഞാമിന (51), ചൊക്ലിയിലെ പെയിന്‍റിങ് തൊഴിലാളി ചന്ദ്രശേഖരൻ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി വെള്ളിയാറില്‍ കാണാതായെന്ന് കരുതുന്ന പാലക്കാട് അലനല്ലൂർ സ്വദേശി യൂസഫിന്‍റെ മൃതദേഹം നാട്ടുകാർ കണ്ടെടുത്തു. പാലക്കാട് മുതുകുന്നിപ്പുഴയില്‍ കാണാതായ പുത്തൻവീട്ടില്‍ രാജേഷിനായുള്ള തിരച്ചില്‍ തുടരുകയാണ്.